ബെംഗളൂരു: ഔദ്യോഗിക ഓഫീസില്‍ യുവതിയുമായി അടുത്തിടപഴകുന്ന വീഡിയോ പുറത്തു വന്നതിനു പിന്നാലെ കര്‍ണാടക ഡിജിപിക്ക് സസ്‌പെന്‍ഷന്‍. കെ. രാമചന്ദ്ര റാവുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. യുവതിയുമായുള്ള ഡിജിപിയുടെ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ചേരാത്തതും സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നതുമായ അശ്ലീല രീതിയിലാണ് ഡിജിപി പെരുമാറിയതെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. എന്നാല്‍, വീഡിയോ വ്യാജമാണെന്നാണ് കെ. രാമചന്ദ്ര റാവുവിന്റെ പ്രതികരണം.
രാമചന്ദ്ര റാവുവിനെ അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ സസ്‌പെന്‍ഡ് ചെയ്യേണ്ടത് ആവശ്യമാണെന്ന് പ്രഥമദൃഷ്ട്യാ സര്‍ക്കാരിന് ബോധ്യമായിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു.
സസ്‌പെന്‍ഷന്‍ കാലയളവില്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഹെഡ്‌കോട്ടേഴ്‌സില്‍ നിന്ന് പുറത്തു പോകാനും അനുമതിയില്ല. കര്‍ണാടക സിവില്‍ റൈറ്റ്‌സ് എന്‍ഫോഴ്‌സ്‌മെന്റ് ഡിജിപിയാണ് കെ. രാമചന്ദ്ര റാവു.
രാമചന്ദ്ര റാവുവും ഒരു യുവിതയും ഓഫീസില്‍ അടുത്തിടപഴകുന്നതും ചുംബിക്കുന്നതുമായ വീഡിയോ ആണ് പുറത്തുവന്നത്. യൂണിഫോമില്‍ ഔദ്യോഗിക ഓഫീസില്‍ യുവതിയുമായി അടുത്തിടപഴകുന്ന 47 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തുവന്നത്. ഒന്നിലധികം വീഡിയോകള്‍ കൂട്ടിച്ചേര്‍ത്തുള്ള വീഡിയോ ആണിത്.





