സഊദി ഉൾപ്പെടെ ഗൾഫ് നാടുകളിൽ നാളെ  ശഅ്ബാന്‍ ഒന്ന്; ഇനി വിശുദ്ധ റമദാന്‍ മാസത്തിനായുള്ള കാത്തിരിപ്പ്

0
142

റിയാദ്/ ദുബൈ: സഊദി അറേബ്യ, യു എ ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ നാളെ ശഅ്ബാന്‍ ഒന്ന് ആരംഭിക്കും. ഇന്നലെ വൈകീട്ട് മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഇന്ന് റബജ് 30 പൂര്‍ത്തിയാക്കി നാളെ (ചൊവ്വ) ജനുവരി 20ന് ശഅ്ബാന്‍ ഒന്നായിരിക്കുമെന്ന് സഊദി സുപ്രിം കോടതി അറിയിച്ചു. ഇസ്‌ലാമിക കലണ്ടറിലെ റജബ് മാസം ഇന്ന് (ജനുവരി 19 തിങ്കള്‍) പൂര്‍ത്തിയാകുമെന്നും നാളെ (ജനുവരി 20 ചൊവ്വാഴ്ച) ശഅ്ബാന്‍ ഒന്ന് ആയിരിക്കുമെന്നും യുഎഇ ഫത്‌വ കൗണ്‍സില്‍ അറിയിച്ചു.

രാജ്യത്തെ ഔദ്യോഗിക വാനനിരീക്ഷണ കേന്ദ്രങ്ങളുമായി സഹകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമാണ് കൗണ്‍സില്‍ പ്രഖ്യാപനം നടത്തിയത്.

റമദാന്‍ എന്ന് തുടങ്ങും? 

ശഅ്ബാന്‍ ആരംഭിച്ചതോടെ വിശ്വാസികള്‍ വിശുദ്ധ റമദാന്‍ മാസത്തിനായുള്ള ഒരുക്കങ്ങളിലേക്ക് കടന്നു. ചന്ദ്രക്കല ദൃശ്യമാകുന്നതിനനുസരിച്ച് ഫെബ്രുവരി 18 ബുധനാഴ്ചയോ അല്ലെങ്കില്‍ 19 വ്യാഴാഴ്ചയോ റമദാന്‍ വ്രതാനുഷ്ഠാനത്തിന് തുടക്കമാകും. വാനശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം ഫെബ്രുവരി 19 വ്യാഴാഴ്ച റമദാന്‍ ഒന്നാകാനാണ് കൂടുതല്‍ സാധ്യതയെങ്കിലും, ശഅ്ബാന്‍ 29ന് ചേരുന്ന മാസപ്പിറവി നിരീക്ഷണ സമിതിയായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

വിശുദ്ധ റമദാന്‍ മാസത്തെ തുടര്‍ന്നെത്തുന്ന ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) വേളയിലാണ് ഈ വര്‍ഷത്തെ ആദ്യത്തെ ദീര്‍ഘകാല അവധി യുഎഇ, സഊടദി അറേബ്യ ഉൾപ്പെടെ ഗൾഫ് നിവാസികള്‍ക്ക് ലഭിക്കുക. ഇസ്‌ലാമിക കലണ്ടറിലെ മാസങ്ങള്‍ 29 അല്ലെങ്കില്‍ 30 ദിവസങ്ങളാണ് ഉണ്ടാകാറുള്ളത്.