മൂടൽമഞ്ഞിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ വെള്ളക്കെട്ടിൽ വീണു; നോയിഡയിൽ ടെക്കിക്ക് ദാരുണാന്ത്യം

0
84

നോയിഡ: കഠിനമായ മൂടൽമഞ്ഞിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് ഐടി ജീവനക്കാരന് ദാരുണാന്ത്യം. 27കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ യുവരാജ് മെഹ്തയാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് നോയിഡ സെക്ടർ 150ന് സമീപത്ത് വച്ച് ജോലി കഴിഞ്ഞ് വരും വഴി യുവരാജ് അപകടത്തിൽ പെട്ടത്. വെള്ളം നിറഞ്ഞ 70 അടി താഴ്ചയുള്ള കുഴിയിലേക്കാണ് യുവരാജ് വീണത്.

അപകടത്തിൽ പെട്ട് കാറിനുള്ളിൽ കുടുങ്ങിയ യുവരാജ് അച്ഛനെയും സുഹൃത്തിനെയും വിളിച്ച് സഹായത്തിന് വേണ്ടി അഭ്യർഥിച്ചിരുന്നു. “അച്ഛാ, ഞാൻ വെള്ളം നിറഞ്ഞ ഒരു കുഴിയിൽ വീണിരിക്കുന്നു. മുങ്ങിക്കൊണ്ടിരിക്കുകയാണ്, പെട്ടന്ന് വന്ന് രക്ഷിക്കൂ, എനിക്ക് മരിക്കേണ്ട” എന്നാണ് യുവരാജ് അച്ഛനെ വിളിച്ച് പറഞ്ഞത്. എന്നാൽ, ഫോൺ ചെയ്ത് നിമിഷങ്ങൾക്കകം കാർ പൂർണമായും മുങ്ങി. ഉടനെ അധികൃതരെ വിവരമറിയിച്ച് രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ശ്രമം വിഫലമാകുകയായിരുന്നു. ഇന്ന് കാർ പുറത്തെടുക്കുമ്പോൾ യുവരാജ് മരണപ്പെട്ടിരുന്നു.