തൃശൂർ: കലാ കേരളത്തെ ആവേശത്തിമിർപ്പിലാക്കിയ കേരളാ സ്കൂൾ കലോത്സവത്തിന് സമാപനം. മലയാളത്തിൻ്റെ മഹാനടൻ മോഹൻലാലാണ് പരിപാടിയിൽ മുഖ്യാതിഥിയായത്. കേരള സ്കൂൾ കലോത്സവം മത്സരം മാത്രമല്ല, അതൊരു ഉത്സവമാണ് എന്ന് മോഹൻലാൽ പറഞ്ഞു.
കലോത്സവത്തിൻ്റെ ഭാഗമാകാൻ സാധിച്ചത് ഏറ്റവും വലിയ ഭാഗ്യവും, പുണ്യവുമായി കാണുന്നുവെന്നും മോഹൻലാൽ വ്യക്തമാക്കി. കലോത്സവം കുട്ടികളെ പങ്കുവയ്ക്കലിൻ്റെ രസം ശീലിപ്പിക്കുന്നു. തോൽവി വിജയത്തിൻ്റെ പടവ് ആണെന്ന് പഠിപ്പിക്കുന്നു. ജയപരാജയം അപ്രസക്തമാണെന്ന് മനസിലാക്കി തരുന്നുവെന്നും മോഹൻലാൽ ചൂണ്ടിക്കാട്ടി.
ജനങ്ങൾ ഹൃദയത്തിലേറ്റുമെന്ന് ഉറപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിൻ്റെ എല്ലാ സ്വപ്നങ്ങളെയും യാഥാർഥ്യമാക്കേണ്ടവരാണ് നമ്മുടെ മുന്നിൽ ഇരിക്കുന്ന കുട്ടികൾ. കരുത്തുറ്റ യുവത്വമാണ് വളർന്നുവരുന്നത്. അവരൊക്കെ കേരളത്തിൽ തന്നെ ഉണ്ടാകണം. വിദേശത്ത് പോകാതെ തന്നെ നമ്മുടെ സംസ്ഥാനത്തെ ഉയർന്നതലത്തിലെത്തിക്കാൻ സാധിക്കണം. കുട്ടികൾ ഇല്ലാതെ, നമ്മുടെ സംസ്ഥാനം വൃദ്ധ സദനമായി മാറുമോ എന്ന് പേടിയുണ്ടെന്ന ആശങ്കയും സതീശൻ പങ്കുവച്ചു.





