സഊദിയില്‍ അനാവശ്യ ലിങ്കുകള്‍ക്ക് പിടിവീഴും; ‘തഹഖ്ഖഖ്’ സേവനം ആരംഭിച്ച് നാഷണല്‍ സൈബര്‍ സുരക്ഷാ അതോറിറ്റി

0
138
  • വാട്ട്‌സ്ആപ്പ് യൂണിഫൈഡ് വഴിയും,  വെബ്‌സൈറ്റ് വഴിയും സേവനം ഉപയോഗപ്പെടുത്താം

റിയാദ്: സുപരിചിതമല്ലാത്തതും സംശയാസ്പദവുമായ നിരവധി ലിങ്കുകള്‍ ഇപ്പോൾ വ്യാപകമാണല്ലോ. പലരുടെയും മൊബൈല്‍ ഫോണുകളില്‍ ഇത്തരം ലിങ്കുകൾ വരാറുണ്ട്, അത് മൂലം സുരക്ഷ പ്രശ്നങ്ങൾ നേരിടാറുമുണ്ട്. എന്നാല്‍ ഇത്തരം ലിങ്കുകളുടെ വിശ്യാസ്യത  പരിശോധിക്കാനായി പുതിയ സേവനം ആരംഭിച്ചിരിക്കുകയാണ് സഊദി നാഷണല്‍ സൈബര്‍ സെക്യൂരിറ്റി അതോറിറ്റി.

‘തഹഖ്ഖഖ്’ എന്നാണ് പുതിയ സേവനത്തിന്റെ പേര്. ലിങ്കുകള്‍ തുറക്കുന്നതിന് മുമ്പ് അവ സുരക്ഷിതമാണോ എന്ന് ഉറപ്പുവരുത്താന്‍ സേവനത്തിലൂടെ സാധിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. വ്യക്തിപരമായ വിവരങ്ങള്‍ സംരക്ഷിക്കുകയെന്നതാണ് നടപടിയിലൂടെ ലക്ഷ്യം വെക്കുന്നത്. സംശയാസ്പദമായ ലിങ്കുകള്‍ സ്‌കാന്‍ ചെയ്താൽ കുറ്റവിമുക്തമാണോയെന്ന് കണ്ടെത്താന്‍ സാധിക്കും.

സേവനത്തിലൂടെ സൈബര്‍ സുരക്ഷ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും ലഭിക്കും. അത് മൂലം തന്നെ ഇതിലൂടെ ഹാക്കിങ് പോലെയുളള സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്നും രക്ഷ നേടാന്നും സാധിക്കും.

‘തഹഖ്ഖഖ്’ സെബര്‍സെക്യൂരിറ്റി സര്‍വീസസ് ആയ ഹസീനിന്റെ ഭാഗമാണ്. നിലവില്‍ വാട്ട്‌സ്ആപ്പ് യൂണിഫൈഡ് നമ്പര്‍ +966 11 813 6644 വഴിയും, tahqaq.haseen.gov.sa എന്ന വെബ്‌സൈറ്റ് വഴിയും സേവനം ലഭ്യമാണ്.