ഞായറാഴ്ച ട്രംപ്- സെലൻസ്‌കി നിർണായക കൂടിക്കാഴ്ച; റഷ്യ-യുക്രൈൻ യുദ്ധത്തിന് അവസാനമാകുമോ ?

0
103

വാഷിങ്ടൺ: യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്‌കി ഞായറാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. നാലുവർഷമായി തുടരുന്ന യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കൂടിക്കാഴ്ചയിൽ തീരുമാനമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പ്രതീക്ഷിക്കുന്നത്.

ചർച്ചകൾ ഒരു സ്ഥിരം ഉടമ്പടിയിലേക്ക് നയിക്കുമോ എന്ന് ഉറപ്പ് പറയാൻ കഴിയില്ലെങ്കിലും തർക്കവിഷയങ്ങളിൽ അന്തിമതീരുമാനമെടുക്കാൻ ഇരുവപക്ഷവും പരമാവധി ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സെലൻസ്‌കി വ്യക്തമാക്കി.

ഡിസംബർ 28, ഞായറാഴ്ച ട്രംപിന്റെ ഫ്‌ളോറിഡയിലെ വസതിയിൽവെച്ചാണ് കൂടിക്കാഴ്ച നടക്കുക. സമാധാന ചർച്ചകൾ ഊർജ്ജിതമായി നടക്കുന്നതിനിടയിലാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്. ‘ഞങ്ങൾ ഒരു ദിവസം പോലും പാഴാക്കുന്നില്ല. ഉന്നതതല കൂടിക്കാഴ്ചകൾക്കായി ഞങ്ങൾ ധാരണയിലെത്തിയിട്ടുണ്ട്. അതിൽ പ്രധാനമാണ് പ്രസിഡന്റ് ട്രംപുമായി നടക്കാനിരിക്കുന്നത്. പുതുവത്സരത്തിന് മുമ്പ് പലതും തീരുമാനിക്കാനാകും എന്നാണ് പ്രതീക്ഷ’, യുക്രൈൻ പ്രസിഡൻറ് വെള്ളിയാഴ്ച പങ്കുവെച്ച എക്‌സ് പോസ്റ്റിൽ വ്യക്തമാക്കി.

ഇപ്പോൾ മുന്നോട്ടുവെച്ചിട്ടുള്ള 20 പോയിന്റ് സമാധാന കരാർ 90 ശതമാനത്തോളം തയ്യാറാണെന്നും കാര്യങ്ങളെല്ലാം 100 ശതമാനവും നന്നായി നടക്കുന്നു എന്നത് ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും സെലൻസ്‌കി വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ‘നിലവിലെ സാഹചര്യത്തിൽ, ഞങ്ങളുടെ സംഘങ്ങൾ- സമാധാന ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന യുക്രൈനിന്റെയും അമേരിക്കയുടെയും സംഘങ്ങൾ- വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്’, അദ്ദേഹം പറഞ്ഞു.

അതേസമയം, താൻ അംഗീകരിക്കുന്നതുവരെ യുക്രൈന് എല്ലാം ശരിയായി എന്ന് പറയാനാവില്ലെന്ന് ട്രംപ് വെള്ളിയാഴ്ച പൊളിറ്റികോ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഞായറാഴ്ച നടത്താനിരിക്കുന്ന ചർച്ച ഫലവത്താകും എന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ‘സെലൻസ്‌കിയുമായുള്ള ചർച്ച നല്ല രീതിയിൽ നടത്താനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അത് പുതിനുമായും യോജിച്ചുപോകുന്നതാകും എന്നും ഞാൻ വിശ്വസിക്കുന്നു’, ട്രംപ് വ്യക്തമാക്കി.