വീണ്ടും പ്രവാസി മലയാളിയെ തേടിയെത്തി ഭാഗ്യദേവത; മഹാനറുക്കെടുപ്പിൽ കണ്ണുനട്ട് പ്രവാസികൾ

0
202

അബുദാബി: പ്രവാസലോകത്തെ ഭാഗ്യദേവത വീണ്ടും മലയാളിയെ കടാക്ഷിച്ചു. ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിൽ മലയാളി ഡ്രൈവർ ബഷീർ കൈപ്പുറത്ത് ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർക്ക് ഒരു ലക്ഷം ദിർഹം (ഏകദേശം 22.7 ലക്ഷം രൂപ) വീതം സമ്മാനം ലഭിച്ചു. ഡിസംബറിലെ ഭാഗ്യശാലികളെ കണ്ടെത്താനായി നടന്ന രണ്ടാമത്തെ ഇ-നറുക്കെടുപ്പിലാണ് ഈ വൻ നേട്ടം.

കഴിഞ്ഞ 25 വർഷമായി ദുബായിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ബഷീർ രണ്ട് വർഷമായി മുടങ്ങാതെ ഭാഗ്യം പരീക്ഷിക്കുന്നുണ്ടായിരുന്നു. സമ്മാനം ലഭിച്ചുവെന്നറിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നിയെന്നും തുകയുടെ ഒരു ഭാഗം നാട്ടിലെ കുടുംബത്തെ സഹായിക്കാൻ ഉപയോഗിക്കുമെന്നും ബഷീർ പറഞ്ഞു.

ബഷീറിനെക്കൂടാതെ മറ്റ് നാല് ഇന്ത്യക്കാരും ഈ ആഴ്ചയിലെ ഭാഗ്യശാലികളായി. ചെന്നൈ സ്വദേശി മിന്നലേശ്വരൻ ശക്തി വിനായകം, മുഹമ്മദ് ജാവേദ് രാജ്‌ഭാരി, ശോഭരാജ് ഖാ റഫീഖ് ഖാ, വിനായക മൂർത്തി എന്നിവർക്കാണ് ഒരു ലക്ഷം ദിർഹം സമ്മാനം ലഭിച്ചത്. കഴിഞ്ഞ 20 വർഷമായി മിന്നലേശ്വരൻ ദുബായിലുണ്ട്. അഞ്ചു വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഭാഗ്യം തുണച്ചത്. റാസൽഖൈമയിൽ ഐടി മാനേജറായ മുഹമ്മദ് ജാവേദ് കുടുംബത്തിന്റെ ഭാവിക്കായി തുക നിക്ഷേപിക്കാനും ഒരു വിഹിതം ജീവകാരുണ്യത്തിനായി നൽകാനും തീരുമാനിച്ചു. 

സുഹൃത്തുക്കളോടൊപ്പം ചേർന്ന് ടിക്കറ്റെടുത്ത വിനായക മൂർത്തിക്ക് ആദ്യ ശ്രമത്തിൽ തന്നെ ഭാഗ്യം ലഭിച്ചു. അൽ ഐനിൽ താമസിക്കുന്ന ശോഭരാജ് ഖാ 20 സുഹൃത്തുക്കളുമായി ചേർന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. പുതുവർഷത്തിൽ കാത്തിരിക്കുന്നത് 30 ദശലക്ഷം ദിർഹം. ഡിസംബർ മാസത്തിൽ മാത്രം ഇതുവരെ 10 ലക്ഷം ദിർഹം സമ്മാനമായി ബിഗ് ടിക്കറ്റ് നൽകിക്കഴിഞ്ഞു. ജനുവരി 3ന് നടക്കുന്ന മഹാ നറുക്കെടുപ്പിൽ 3 കോടി ദിർഹമാണ് (ഏകദേശം 68 കോടി രൂപ) ഒന്നാം സമ്മാനം. കൂടാതെ ബിഎംഡബ്ല്യു കാറുകൾ സ്വന്തമാക്കാനുള്ള അവസരവും ഭാഗ്യാന്വേഷികളെ കാത്തിരിക്കുന്നു.