കടം വാങ്ങിയ പണം തിരിച്ചടയ്ക്കാനായി സ്വന്തം കിഡ്നി വിറ്റു

0
9

ചന്ദ്രപൂർ: കടം വാങ്ങിയ പണം തിരിച്ചടയ്ക്കാനായി സ്വന്തം കിഡ്നി വിറ്റ് മഹാരാഷ്ട്രയിൽ നിന്നുള്ള കർഷകൻ. ചന്ദ്രപൂർ സ്വദേശിയായ റോഷൻ സദാശിവ് കൂഡെയാണ് കടം വീട്ടാനായി കിഡ്നി വിറ്റത്. 

കൃഷിയിൽ തുടർച്ചയായി നഷ്ടം വന്നപ്പോഴാണ് മറ്റൊരു കച്ചവടം തുടങ്ങാമെന്ന് റോഷൻ കരുതിയത്. ഇതിനായി 2 പശുക്കളെ വാങ്ങാൻ അദ്ദേഹം തീരുമാനിച്ചു. പിന്നാലെ പണം കടം കൊടുക്കുന്ന രണ്ടുപേരിൽ നിന്നായി 50,000 രൂപ വീതം വാങ്ങി. കച്ചവടം തുടങ്ങിയതിന് ശേഷം മടക്കി നൽകാമെന്ന ഉറപ്പിലായിരുന്നു പണം കടം വാങ്ങിയത്. എന്നാൽ കച്ചവടം തുടങ്ങുന്നതിനു മുൻപ് ഇയാൾ വാങ്ങിയ പശുക്കള്‍ ചത്തുപോയി. 

അത് റോഷനെ കൂടുതൽ കടത്തിലേക്ക് തള്ളിവിട്ടു. പിന്നാലെ കടം വാങ്ങിയ പണം തിരിച്ചു നൽകാത്തതിന് പണം നൽകിയവർ അദ്ദേഹത്തേയും കുടുംബത്തേയും ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു. 

1 ലക്ഷം രൂപയാണ് റോഷൻ വാങ്ങിയത്. ദിവസേന 10,000 രൂപ  നല്‍കണമെന്നാണ് പണമിടപാടുകാർ പറഞ്ഞത്. വലിയ പലിശയാണ്ക റോഷനിൽ നിന്ന് ഈടാക്കിയത്. ആകെ 74 ലക്ഷം രൂപയാണ് റോഷൻ ഇരുവർക്കുമായി നൽകേണ്ടത്. കടം വീട്ടാൻ മറ്റുവഴികളൊന്നും ഇല്ലാതായതോടെയാണ് റോഷൻ കിഡ്നി വിൽക്കാൻ തീരുമാനിച്ചത്. 

‘‘2 ഏക്കർ കൃഷിഭൂമിയും ട്രാക്ടറും സ്വർണവും വാഹനങ്ങളുമെല്ലാം വിൽക്കുകയും ബന്ധുക്കളിൽ നിന്ന് കടം വാങ്ങി പണം നൽകുകയും ചെയ്തു. എന്നാൽ ‌മുഴുവൻ പണവും ആയില്ലെന്നാണ് അവർ പറഞ്ഞത്. എന്നോട് എന്റെ ഒരു കിഡ്നി വിൽക്കാൻ അവർ ആവശ്യപ്പെട്ടു. പണം നൽകാനില്ലാത്തതുകൊണ്ട് ഞാൻ അതിന് തയാറായി. തുടർന്ന് കൊൽക്കത്തയിൽ പോയി പരിശോധനകൾ പൂർത്തിയാക്കി. കംബോഡിയയിൽ വച്ചാണ് ശസ്ത്രക്രിയ നടത്തിയത്. 8 ലക്ഷം രൂപയാണ് എനിക്ക് തന്നത്’’– റോഷൻ പറഞ്ഞു. 

തനിക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ടാണ് റോഷൻ അധികൃതരെ സമീപിച്ചിരിക്കുന്നത്. പണമിടപാടുകരെയും വിൽപനയ്ക്ക് സൗകര്യമൊരുക്കിയവരെയുമെല്ലാം നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.