നടപ്പാക്കിയത് 11 സുപ്രധാന വീസ മാറ്റങ്ങൾ; പ്രവാസികളുടെ ജീവിതത്തെ മാറ്റിമറിച്ച നിയമങ്ങൾ

0
83

ദുബായ്: ലോകത്തെങ്ങുമുള്ള പ്രവാസികൾക്കും നിക്ഷേപകർക്കും ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും ഇഷ്ടപ്പെട്ട രാജ്യമായി യുഎഇ മാറുമ്പോൾ ലോകോത്തര പ്രതിഭകളെയും നിക്ഷേപങ്ങളെയും രാജ്യത്തേക്ക് ആകർഷിക്കാൻ വീസ നിയമങ്ങളിൽ വൻ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് അധികൃതർ. 2025ൽ മാത്രം ഗോൾഡൻ വീസ, സന്ദർശകവീസ എന്നീ വിഭാഗങ്ങളിൽ യുഎഇ നടപ്പാക്കിയ 11 സുപ്രധാന മാറ്റങ്ങൾ പ്രവാസികളുടെ ജീവിതത്തെ മാറ്റിമറിക്കും.

പുതിയ വീസ വിഭാഗങ്ങളും പ്രവേശന നിയമങ്ങളും
∙ സന്ദർശക വീസയ്ക്ക് നാല് പുതിയ വിഭാഗങ്ങൾ: നിർമിത ബുദ്ധി (എഐ), വിനോദം, ഇവന്റുകൾ, ആഡംബരക്കപ്പൽ യാത്രകൾ എന്നീ മേഖലകളിലെ വിദഗ്ദ്ധർക്കായി നാല് പുതിയ സന്ദർശക വീസകൾ അവതരിപ്പിച്ചു. എഐ വിദഗ്ദ്ധർക്ക് സിംഗിൾ, മൾട്ടിപ്പിൾ എൻട്രി പെർമിറ്റുകളും ലഭിക്കും.
∙വീസ ഓൺ അറൈവൽ: ഇന്ത്യക്കാർക്ക് കൂടുതൽ ഇളവുകൾ- നിലവിലുള്ള യുഎസ്, യൂറോപ്യൻ യൂണിയൻ, യുകെ എന്നിവിടങ്ങളിലെ സാധുവായ വീസയോ റസിഡൻസ് പെർമിറ്റോ ഉള്ള ഇന്ത്യൻ പൗരന്മാർക്കുള്ള വീസ ഓൺ അറൈവൽ ഇളവുകൾ വിപുലീകരിച്ചു.

ഓസ്‌ട്രേലിയ, കാനഡ, ജപ്പാൻ, ന്യൂസീലൻഡ്, റിപ്പബ്ലിക് ഓഫ് കൊറിയ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലെ സാധുവായ റസിഡൻസ് പെർമിറ്റുള്ള ഇന്ത്യക്കാർക്കും ഇനി യുഎഇയിൽ വീസ ഓൺ അറൈവൽ സൗകര്യം ലഭിക്കും.

∙പാക്കിസ്ഥാൻ പൗരന്മാർക്ക് അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വീസ: പാക്കിസ്ഥാൻ പൗരന്മാർക്ക് ഇനി അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കാം. ഇത് സ്പോൺസറോ ഹോസ്റ്റോ ഇല്ലാതെ നിരവധി തവണ യുഎഇ സന്ദർശിക്കാൻ അനുവദിക്കുന്നു.
∙എൻട്രി പെർമിറ്റിന് പാസ്‌പോർട്ട് കവർ നിർബന്ധം: എൻട്രി പെർമിറ്റിനുള്ള അപേക്ഷകൾക്ക് പാസ്‌പോർട്ടിന്റെ പുറം കവർ പേജിന്റെ കോപ്പി കൂടി സമർപ്പിക്കുന്നത് സെപ്റ്റംബർ മുതൽ നിർബന്ധമാക്കി.

റസിഡൻസി നിയമങ്ങളിലെ പ്രധാന മാറ്റങ്ങൾ
∙ സന്ദർശകവീസ സ്പോൺസർ ചെയ്യാൻ കുറഞ്ഞ ശമ്പളം: സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സന്ദർശക വീസയിൽ യുഎഇയിലേക്ക് സ്പോൺസർ ചെയ്യാൻ റസിഡൻസി വീസയുള്ളവർക്ക് കുറഞ്ഞ പ്രതിമാസ ശമ്പളം നിർബന്ധമാക്കി. ബന്ധുത്വത്തിന്റെ അടുപ്പം അനുസരിച്ച് 4,000, 8,000, 15,000 ദിർഹം എന്നിങ്ങനെയാണ് കുറഞ്ഞ ശമ്പള പരിധി നിശ്ചയിച്ചിരിക്കുന്നത്.
∙ ട്രാഫിക് പിഴകൾ അടയ്ക്കാതെ വീസ പുതുക്കാനാവില്ല: താമസ വീസ പുതുക്കുന്നതുമായി ദുബായിലെ ട്രാഫിക് പിഴകൾ അടച്ചുതീർക്കുന്നത് ബന്ധിപ്പിച്ചുകൊണ്ട് പൈലറ്റ് സിസ്റ്റം അവതരിപ്പിച്ചു. വീസ പുതുക്കൽ നടപടികൾ പൂർത്തിയാക്കുന്നതിന് മുൻപ് കുടിശ്ശികയുള്ള ട്രാഫിക് പിഴകൾ തീർക്കണം.

∙ പരിസ്ഥിതി പ്രവർത്തകർക്ക് ‘ബ്ലൂ റസിഡൻസി’: പരിസ്ഥിതി സംരക്ഷണത്തിനായി അസാധാരണമായ സംഭാവനകൾ നൽകിയവർക്ക് 10 വർഷത്തെ റസിഡൻസിയായ ‘ബ്ലൂ റസിഡൻസി’ വീസ അവതരിപ്പിച്ചു. ഈ വീസയ്ക്ക് അപേക്ഷിക്കാൻ വിദേശത്തുള്ളവർക്ക് 180 ദിവസത്തെ മൾട്ടിപ്പിൾ എൻട്രി പെർമിറ്റ് ലഭിക്കും.

∙ നഴ്സുമാർക്ക് ഗോൾഡൻ വീസ: ദുബായ് ഹെൽത്തിന് കീഴിൽ 15 വർഷത്തിലധികം സേവനം അനുഷ്ഠിച്ച നഴ്സുമാർക്ക് ഗോൾഡൻ വീസ നൽകാൻ തീരുമാനമായി. ആരോഗ്യമേഖലയിലെ അവരുടെ വിലമതിക്കാനാവാത്ത സംഭാവനകൾക്കുള്ള അംഗീകാരമാണിത്.
∙ കണ്ടന്റ് ക്രിയേറ്റർമാർക്ക് ഗോൾഡൻ വീസ: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ, പോഡ്കാസ്റ്റർമാർ, ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാർ തുടങ്ങിയവർക്ക് യുഎഇയിൽ താമസിക്കാനും ജോലി ചെയ്യാനും അവസരം നൽകിക്കൊണ്ട് ഗോൾഡൻ വീസ ഏർപ്പെടുത്തി. ‘ക്രിയേറ്റേഴ്‌സ് എച്ച് ക്യു’ എന്ന പ്ലാറ്റ്‌ഫോം വഴിയാണ് ഇതിന് അപേക്ഷിക്കേണ്ടത്.
∙ ‘വഖഫ്’ദാതാക്കൾക്കും ഗോൾഡൻ വീസ: മാനുഷിക പ്രവർത്തനങ്ങൾക്കായി സാമ്പത്തിക സഹായം നൽകുന്നവർക്കുള്ള ഗോൾഡൻ വീസ വിഭാഗത്തിൽ വഖഫ് (ചാരിറ്റബിൾ ട്രസ്റ്റ്) ദാതാക്കളെയും ഉൾപ്പെടുത്തി.

∙ ഗോൾഡൻ വീസക്കാർക്ക് കോൺസുലാർ സേവനങ്ങൾ: വിദേശകാര്യ മന്ത്രാലയം ഗോൾഡൻ വീസ ഉടമകൾക്കായി പുതിയ കോൺസുലർ സേവനങ്ങൾ പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യങ്ങളിൽ സഹായം, ദുരന്തസമയത്തെ ഒഴിപ്പിക്കൽ പദ്ധതികളിൽ ഉൾപ്പെടുത്തൽ, വിദേശത്ത് മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സഹായം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.