ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല. ഇന്ത്യയില്‍ ഒന്നര ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താന്‍ മൈക്രോസോഫ്റ്റ് ഒരുങ്ങുന്നതിനു മുന്നോടിയായാണ് കൂടിക്കാഴ്ച. നിര്‍മിതബുദ്ധി വികസനത്തില്‍ കേന്ദ്രീകരിച്ചായിരിക്കും മൈക്രോസോഫ്റ്റിന്റെ പദ്ധതി.
മോദിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് സത്യ നാദെല്ല സോഷ്യല്‍മീഡിയയില്‍ കുറിപ്പും പങ്കുവെച്ചിരുന്നു. ‘ഇന്ത്യയുടെ AI അവസരത്തെക്കുറിച്ചുള്ള പ്രചോദനാത്മകമായ സംഭാഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി’ എന്ന കുറിപ്പോടെയാണ് നാദെല്ലയുടെ പോസ്റ്റ്.
‘രാജ്യത്തിന്റെ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതിനായി ഇന്ത്യയുടെ AI ഭാവിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, കഴിവുകള്‍, പരമാധികാര കഴിവുകള്‍ എന്നിവ വികസിപ്പിക്കാന്‍ സഹായിക്കുന്നതിന് മൈക്രോസോഫ്റ്റ് 17.5 ബില്യണ്‍ യുഎസ് ഡോളര്‍ – ഏഷ്യയിലെ എക്കാലത്തെയും വലിയ നിക്ഷേപം വാഗ്ദാനം ചെയ്യുന്നു.’ എന്നായിരുന്നു പോസ്റ്റ്.
ഇന്ത്യയിൽ എഐ രംഗത്ത് 1.5 ലക്ഷം കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്; ഏഷ്യയിൽ കമ്പനിയുടെ എക്കാലത്തെയും ഉയർന്ന നിക്ഷേപം
എഐയുടെ കാര്യത്തില്‍, ലോകം ഇന്ത്യയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നു എന്നാണ് നരേന്ദ്ര മോദിയുടെ മറുപടി. നാദെല്ലയുമായുള്ള ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്ന് പറഞ്ഞ മോദി, ഏഷ്യയിലെ എക്കാലത്തേയും വലിയ നിക്ഷേപത്തിനായി ഇന്ത്യയെ കാണുന്നതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു. മെച്ചപ്പെട്ട ഒരു ഗ്രഹത്തിനായി AI യുടെ ശക്തി നവീകരിക്കാനും പ്രയോജനപ്പെടുത്താനും ഇന്ത്യയിലെ യുവാക്കള്‍ ഈ അവസരം പ്രയോജനപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സത്യ നാദെല്ല-നരേന്ദ്ര മോദി കൂടിക്കാഴ്ചയ്ക്കു ശേഷം മൈക്രോസോഫ്റ്റ് നിക്ഷേപത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനവും നടത്തി. 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് മൈക്രോ സോഫ്റ്റ് ഇന്ത്യയില്‍ നടത്തുക. മൈക്രോസോഫ്റ്റിന്റെ ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപമാണിത്.
2026 മുതല്‍ 2029 വരെ നാല് വര്‍ഷത്തിനുള്ളില്‍ നിക്ഷേപം പൂര്‍ത്തിയാക്കും. ഇന്ത്യയുടെ എഐ ഭാവിക്കു വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍, വൈദഗ്ധ്യം, മറ്റ് സാങ്കേതിക ശേഷികള്‍ എന്നിവ നിര്‍മ്മിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇതിന്റെ ഭാഗമായി ഇന്ത്യയിലുടനീളം ക്ലൗഡ്, AI അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഹൈദരാബാദിലെ ‘ഇന്ത്യ സൗത്ത് സെന്‍ട്രല്‍ ക്ലൗഡ് റീജിയണ്‍’ 2026 പകുതിയോടെ പ്രവര്‍ത്തനം ആരംഭിക്കും. ഇത് കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ‘ഹൈപ്പര്‍സ്‌കെയില്‍’ റീജിയണായിരിക്കും.
2030 ഓടു കൂടി ഇന്ത്യക്കാര്‍ക്ക് എഐ വൈദഗ്ധ്യത്തില്‍ പരിശീലനം നല്‍കും. ഇതില്‍ രാജ്യത്തെ ചെറുനഗരങ്ങളിലെ 1 ലക്ഷം പെണ്‍കുട്ടികള്‍ക്ക് എഐ പരിശീലനം നല്‍കുന്നതില്‍ പ്രത്യേക ശ്രദ്ധ നല്‍കും.
പദ്ധതി വഴി പ്രതിവര്‍ഷം രണ്ട് ലക്ഷത്തോളം ബിരുദധാരികള്‍ക്ക് ഐടി മേഖലയില്‍ തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 അവസാനത്തോടെ ഇന്ത്യയിലെ ഡാറ്റാ പ്രോസസ്സിംഗിനൊപ്പം മൈക്രോസോഫ്റ്റ് 365 കോപൈലറ്റ് അവതരിപ്പിക്കാനും പദ്ധതിയുണ്ട്.




