ബെംഗളൂരു: കര്‍ണാടകയുടെ മുഖ്യമന്ത്രിസ്ഥാനത്തിനുവേണ്ടി സിദ്ധരാമയ്യയുമായുള്ള പോരാട്ടം കടുക്കുന്നതിനിടെ, അധികാരം വേണ്ടെന്നുവെച്ച സോണിയാ ഗാന്ധിയെ ഉദാഹരിച്ച് ഡി.കെ. ശിവകുമാര്‍.
2004-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിഎ വിജയിച്ചപ്പോള്‍ പ്രധാനമന്ത്രിയാകാന്‍ സോണിയയ്ക്ക് അവസരം ലഭിച്ചുവെങ്കിലും അവര്‍ അത് നിരാകരിക്കുകയും മന്‍മോഹന്‍ സിങ്ങിന് അവസരം നല്‍കുകയും ചെയ്തുവെന്നായിരുന്നു ശിവകുമാറിന്റെ വാക്കുകള്‍. ബെംഗളൂരുവില്‍ ഒരു സര്‍ക്കാര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുപത് വര്‍ഷം കോണ്‍ഗ്രസിന്റെ അധ്യക്ഷയായിരുന്നു സോണിയാ ഗാന്ധി. അവരും അധികാരത്യാഗം ചെയ്തിട്ടുണ്ട്. അന്നത്തെ രാഷ്ട്രപതി അബ്ദുള്‍ കലാം അവരെ പ്രധാനമന്ത്രിയാകാന്‍ വിളിച്ചു. എന്നാല്‍, അവര്‍ അത് നിരസിച്ചു. രാജ്യത്തെ മുന്നോട്ടുനയിക്കാനാകുന്ന വ്യക്തിയെന്ന നിലയ്ക്ക് മന്‍മോഹന്‍ സിങ്ങിനെ നിര്‍ദേശിച്ചു, ശിവകുമാര്‍ പറഞ്ഞു.
അതേസമയം, സിദ്ധരാമയ്യ നേതൃത്വംനല്‍കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനൊപ്പം നില്‍ക്കാന്‍ കര്‍ണാടകയിലെ ജനങ്ങളോട് ശിവകുമാര്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നുകൂടി തങ്ങളെ അനുഗ്രഹിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.





