ഹോങ്കോങ്: ഹോങ്കോങ്ങിൽ തീരാനോവായി പടരുകയാണ് തായ്പോ ജില്ലയിലുള്ള പാർപ്പിട സമുച്ചയങ്ങളിലുണ്ടായ തീപിടിത്തം. തീയുടെയും പുകയുടെയും രൂപത്തിൽ 55 പേരെ മരണം കവർന്നു. ഇനിയും മരണസംഖ്യ ഉയരുമെന്നാണ് റിപ്പോർട്ടുകൾ. 270ൽ അധികം പേരെ കാണാതായെന്നും റിപ്പോർട്ടുകളുണ്ട്.
മരിച്ചവരിൽ ഒരു അഗ്‌നിശമന സേനാംഗവും ഉൾപ്പെടുന്നു. 40 പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സംഭവത്തിൽ നിർമാണ കമ്പനിയിലെ മൂന്ന് ഉദ്യോഗസ്ഥരെ അറസ്‌റ്റ് ചെയ്തു. ശ്വാസം കിട്ടാതെ പിടയുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് പലർക്കും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്നത് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു.
പ്രാദേശിക സമയം ഉച്ചയ്ക്ക് 2.51നാണ് തീപിടിത്തമുണ്ടായത്. വാങ് ഫുക് കോർട്ട് ഹൗസിങ് കോംപ്ലക്സിലെ 32 നിലക്കെട്ടിടത്തിലെ ഏഴോളം ബ്ലോക്കുകളാണ് തീപിടിത്തത്തിൽ കത്തിനശിച്ചത്. മുളകൊണ്ടുള്ള മേൽത്തട്ടിൽ തീ പിടിച്ചാണ് ദുരന്തം ഉണ്ടായത്. 8 ടവറുകളിലായി 2,000 പേർ താമസിക്കുന്ന പാർപ്പിടസമുച്ചയമാണിത്. രക്ഷാപ്രവർത്തനം തുടരുകയാണ്. 900 പേർ കമ്യൂണിറ്റി ഹാളുകളിൽ അഭയം തേടി.
ഏറ്റവും ഉയർന്ന ‘ലെവൽ 5’ തീപിടിത്തമായി പരിഗണിച്ചാണ് ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. എട്ട് ടവർ ബ്ലോക്കുകളിൽ ഏഴെണ്ണം തീപിടിത്തത്തിൽ കത്തിനശിച്ചു. നാലെണ്ണത്തിൽ തീ ഏകദേശം 10 മണിക്കൂറിനുശേഷം പുലർച്ചെയോടെ നിയന്ത്രണവിധേയമാക്കി. വൈകുന്നേരത്തോടെ ബാക്കിയുള്ളവ അണയ്ക്കാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്. ‘വലിയ ദുരന്തം’ എന്നാണ് ഹോങ്കോങ് ചീഫ് എക്‌സിക്യൂട്ടീവ് ജോണ്‍ ലീ സംഭവത്തെ വിശേഷിപ്പിച്ചത്.
നിരവധി പാർപ്പിട സമുച്ചയങ്ങൾ അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന മേഖലയിലാണിത്. അറ്റകുറ്റപ്പണികളുടെ ഭാഗമായി കെട്ടിടങ്ങൾക്കു പുറമേ കെട്ടിയ മുളങ്കാലുകളിൽ നിന്നാണ് ആദ്യം തീ പടർന്നത്. ഇത് കെട്ടിടത്തിലേക്കും മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. മുപ്പതു വർഷത്തിനിടയിൽ ഹോങ്കോങ്ങിലെ ഏറ്റവും വലിയ തീപിടിത്തമാണിതെന്ന് അധികൃതർ പറഞ്ഞു. 1996 നവംബറിൽ കൗലൂൺ ജില്ലയിലെ വാണിജ്യ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 41 പേരാണ് മരിച്ചത്.





