ദമാമിലെ അഗ്നിബാധ; മലയാളികൾക്ക് ഉൾപ്പെടെ കോടികളുടെ നഷ്ടങ്ങൾ, തീപ്പിടുത്ത വീഡിയോ ദൃശ്യങ്ങൾ പുറത്ത്

0
134

തീപിടുത്തത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചവരുടെ ഫോണുകള്‍ പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു

ദമാം: സഊദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലെ ദമാമിൽ ഉണ്ടായ വന്‍ തീപിടുത്തത്തിൽ വൻ നാശ നഷ്ടം. വാട്ടര്‍ ടാങ്ക് റോഡിലെ അല്‍ ഗസ്വാന്‍ സ്ട്രീറ്റിലുള്ള പ്ലംബിങ് കടയുടെ ഗോഡൗണിലാണ് കഴിഞ്ഞ ദിവസം തീപിടുത്തമുണ്ടായത്. സംഭവത്തില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ നിരവധി കടകളും ഗോഡൗണുകളും കത്തിനശിച്ചു. മലയാളികൾക്ക് ഉൾപ്പെടെ കനത്ത നഷ്ടം ആണ് ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ ഉണ്ടായ നാശനഷ്ടം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

പ്ലാസ്റ്റിക്, കെമിക്കല്‍, പെയിന്റ് തുടങ്ങിയവ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ഇവ അതിവേഗം കത്തിപ്പടരുന്ന വസ്തുക്കളായതിനാല്‍ നിമിഷനേരം കൊണ്ട് തീ സമീപത്തെ കടകളിലേക്കും വ്യാപിച്ചു. 18 യൂണിറ്റ് അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയാണ് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. പ്രദേശം കറുത്ത പുകപടലങ്ങളാല്‍ മൂടിയ അവസ്ഥയിലായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് 12 ഓടുകൂടിയാണ് തീ പടർന്ന് തുടങ്ങിയത്. ഉച്ചക്ക് 12 മണി സമയമായതിനാൽ കടുത്ത തീപിടുത്തത്തിനിടയിലും ആളപായമുണ്ടാകാതെ രക്ഷപ്പെട്ടു. എല്ലാവരും ജോലി സംബന്ധമായി മുറികൾക്ക് പുറത്തായിരുന്നു. ഈ പ്രദേശങ്ങളിൽ ഗോഡൗണുകൾക്ക് അനുമതിയുള്ള സ്ഥലമല്ല. എന്നാൽ പലരും കടയോട് ചേർന്നുള്ള പഴയ കെട്ടിടങ്ങൾ ഗോഡൗൺ ആയി ഉപയോഗപ്പെടുത്തുകയാണ് പതിവ്. അതുകൊണ്ടുതന്നെ ഇൻഷുറൻസോ അഗ്നിശമന സംവിധാനങ്ങളോ ഉള്ളവയല്ല.

കടകളോട് ചേര്‍ന്നുള്ള പഴയ കെട്ടിടങ്ങള്‍ അനധികൃതമായി ഗോഡൗണുകളായി ഉപയോഗിക്കുന്നതാണ് തീ പടരാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവയ്ക്ക് മതിയായ സുരക്ഷാ സംവിധാനങ്ങളോ ഇന്‍ഷുറന്‍സ് പരിരക്ഷയോ ഇല്ലാത്തത് വ്യാപാരികള്‍ക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കും. ജോലി സമയമായതിനാല്‍ താമസസ്ഥലങ്ങളില്‍ ആളുകള്‍ ഇല്ലാതിരുന്നതും, പെട്ടെന്ന് ഒഴിപ്പിക്കാന്‍ സാധിച്ചതും വന്‍ ദുരന്തം ഒഴിവാക്കി.

അപകടസ്ഥലത്ത് സുരക്ഷാസേന കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീപിടുത്തത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചവരുടെ ഫോണുകള്‍ പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു.

എല്ലാവർക്കും സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന് സൗകര്യങ്ങൾക്കുള്ളിലെ പ്രതിരോധ സുരക്ഷാ ആവശ്യകതകൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നതിനൊപ്പം, ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി വിവിധ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തങ്ങളുടെ ടീമുകളുടെ ഉയർന്ന തലത്തിലുള്ള സന്നദ്ധത സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് ആവർത്തിച്ചു. തീപ്പിടുത്ത വീഡിയോ ദൃശ്യങ്ങൾ കാണാം 👇

LEAVE A REPLY

Please enter your comment!
Please enter your name here