“എറ്റേണൽസ്” സിനിമക്ക് വിലക്കെർപ്പെടുത്തി സഊദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ

0
3158

റിയാദ്: 200 മില്യൺ ഡോളറിന്റെ ബിഗ് ബജറ്റ് സാഹസിക ചിത്രമായ എറ്റേണൽസ് നിലവിലെ രൂപത്തിൽ തങ്ങളുടെ തീയറ്ററുകളിൽ പ്രദർശിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ ഗൾഫ് രാജ്യങ്ങൾ. സഊദി അറേബ്യ, കുവൈത്, ഖത്തർ, ബഹ്‌റൈൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളാണ് വിലക്കെർപ്പെടുത്തിയത്. വിവാദ ചിത്രം പ്രദർശിപ്പിക്കില്ലെന്നാണ് ഈ രാജ്യങ്ങളുടെ നിലപാട്, അതേസമയം വിതരണക്കാരായ വാൾട്ട് ഡിസ്‌നി സിനിമയിലെ വിവാദ ഭാഗങ്ങൾ എന്ന് പറയപ്പെടുന്ന ഭാഗം ഒഴിവാക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞു.

സഊദി അറേബ്യയിൽ എറ്റേണൽസ് എന്ന സിനിമയുടെ പ്രദർശനം പ്രൊഡ്യൂസിംഗ് കമ്പനിയുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് സഊദി ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ വക്താവ് ഒമർ അബൂബക്കർ വെളിപ്പെടുത്തി. ഉള്ളടക്കത്തിൽ നിരവധി മാറ്റങ്ങൾ വരുത്താൻ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം സിനിമ പ്രദർശിപ്പിക്കില്ലെന്നാണ് നിലപാട്. രാജ്യത്തിന്റെ ഓഡിയോവിഷ്വൽ മീഡിയ നിയമത്തിലും അതിന്റെ എക്സിക്യൂട്ടീവ് റെഗുലേഷനുകളിലും അനുശാസിക്കുന്ന ഉള്ളടക്ക നിയന്ത്രണങ്ങൾ പാലിക്കാത്ത രംഗങ്ങൾ ഒരു സിനിമയിലുണ്ടെങ്കിൽ, ആ രംഗങ്ങളിൽ കമ്മീഷൻ പരിഷ്ക്കരണങ്ങൾ ആവശ്യപ്പെടുമെന്ന് വക്താവ് പറഞ്ഞു.

ബ്ലോക്ക്ബസ്റ്റർ സിനിമ നവംബർ 11 ന് ഗൾഫ് രാജ്യങ്ങളിൽ പ്രദർശിപ്പിക്കാൻ ആദ്യം ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാൽ, സെൻസർമാരുടെ അഭ്യർത്ഥന പ്രകാരം വാൾട്ട് ഡിസ്നി എന്റർടെയ്ൻമെന്റ് ചില വെട്ടിതിരുത്തലുകൾ വരുത്താൻ തയ്യാരല്ലാത്തതിനാൽ ചിത്രം പ്രദർശിപ്പിക്കാൻ നിശ്ചയിച്ചിരുന്ന തീയതികൾ തിയേറ്ററുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

ഡിസ്‌നി/മാർവൽ നിർമ്മിച്ച ചിത്രം റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ 7.6 മില്യൺ ഡോളർ നേടിയെങ്കിലും വിദേശ ബോക്‌സ് ഓഫീസ്, സഊദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, കുവൈറ്റ് എന്നിവിടങ്ങളിലെ തിയേറ്ററുകൾ ഒഴിവാക്കുമെന്ന് ഡെഡ്‌ലൈൻ ഹോളിവുഡ് സൈറ്റ് പ്രസ്താവിച്ചു.