ട്രെയിനുകളില്‍ ഇനി കുളിക്കാന്‍ ചൂടുവെള്ളം; അറിയാം ഏതൊക്കെ ട്രെയിനുകളിലെന്ന് 

0
164

ദശലക്ഷക്കണക്കിന് ആളുകളാണ് ദിനേന നമ്മുടെ നാട്ടില്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നത്. ടോയ്‌ലറ്റ് സൗകര്യമാണ് ഈ യാത്രകളില്‍ നമ്മെ അലട്ടുന്ന  ഒരു കാര്യം. പ്രത്യേകിച്ച് ദീര്‍ഘ ദൂര യാത്രകളില്‍. രണ്ടോ മൂന്നോ അതിലേറെയോ നാളുകള്‍ ഉടുപ്പ് മാറാതേയും കുളിക്കാതേയുമുള്ള യാത്ര. അരോചകം തന്നെയാണ്. സാധാരണ നിലക്ക് ട്രെയിനില്‍ കുളിയൊന്നും ആരും പാസാക്കാറില്ല. കാരണം വൃത്തിഹീനമായ അവസ്ഥ തന്നെ. 

അതേസമയം, ട്രെയിനില്‍ ദീര്‍ഘദൂര യാത്രികരെല്ലാം ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാവും ട്രെയിനില്‍ കുളിക്കാന്‍ സൗകര്യം ഉണ്ടായിരുന്നെങ്കിലെന്ന്. ഇത്തരക്കാര്‍ക്കുള്ള ഒരു സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ റെയില്‍ വേയുടെ ഭാഗത്ത് നിന്ന് വന്നിരിക്കുന്നത്. കുളിക്കാന്‍ മാത്രമല്ല ചൂടുവെള്ളത്തില്‍ കുളിക്കാനുള്ള സൗകര്യമാണ് യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. 

ഏതൊക്കെ ട്രെയിനുകളില്‍ സൗകര്യം ലഭിക്കും

നിലവില്‍ പ്രീമിയം ട്രെയിനുകളായ രാജധാനി, തുരന്തോ പോലുള്ളവയുടെ ഫസ്റ്റ് എസി കോച്ചുകളിലാണ് ഈ സൗകര്യം ലഭിക്കുക. ആദ്യഘട്ടത്തില്‍ ഡല്‍ഹി-കാശ്മീര്‍ ട്രെയിനില്‍ ആയിരിക്കും ചൂടുവെള്ളത്തില്‍ കുളിക്കാനുള്ള സൗകര്യം ഉണ്ടാവുകയെന്നെന്നാണ് അറിയിപ്പ്. 

അടുത്ത ഘട്ടത്തില്‍ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളിലായിരിക്കും കുളിക്കാന്‍ ചൂടുവെള്ളം ലഭിച്ചു തുടങ്ങുക. വന്ദേഭാരത് ട്രെയിനുകളെ കൂടുടതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് കുളിക്കാന്‍ ചൂടുവെള്ളം പോലുള്ള സൗകര്യങ്ങള്‍ നല്‍കുന്നത്.
 
യാത്രികര്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും പ്രത്യേകിച്ചു ശൈത്യകാല യാത്രയില്‍ ഈ സൗകര്യം. എന്നാല്‍, ഉയര്‍ന്ന ടിക്കറ്റ് ചാര്‍ജ് മൂലം സാധാരണക്കാര്‍ക്ക് ഇവ അപ്രാപ്യമാണ് എന്നതാണ് നിലവില്‍ ഇതിന്റെ ഒരു പോരായ്മ. ഫസ്റ്റ് ക്ലാസ് ടിക്കറ്റ് എടുക്കാത്ത യാത്രികര്‍ക്ക് ഈ സൗകര്യം എങ്ങനെ ലഭിക്കും എന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് റെയില്‍വേ ഇതുവരെ നല്‍കിയിട്ടില്ല.