ഇനി കൈയ്യില്‍ കൊണ്ടുനടക്കണ്ട; ആധാര്‍ ആപ്പ് എത്തി, ഉപയോഗിക്കേണ്ടത് ഇങ്ങനെ

0
259

രാജ്യത്ത് 140 കോടി ജനങ്ങള്‍ക്കായി പുതിയ ആധാര്‍ ആപ്പ് അവതരിപ്പിച്ച് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യു.ഐ.ഡി.എ.ഐ) .ഇനി ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ പരിശോധിക്കലും പങ്കിടലുമെല്ലാം വളരെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനാവും.

ഫിസിക്കല്‍ ആധാര്‍ കാര്‍ഡിന് പകരം ഡിജിറ്റലായി ആധാര്‍ കോപ്പി സ്മാര്‍ട്ട്ഫോണില്‍ കൊണ്ടുനടക്കാനുള്ള സൗകര്യം, ബയോമെട്രിക്, ഫേസ് അണ്‍ലോക്ക് തുടങ്ങി അനേകം ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ആധാര്‍ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. പുതിയ ആധാര്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. പഴയ എം-ആധാര്‍ ആപ്പില്‍ നിന്ന് ഏറെ വ്യത്യസ്തമായാണ് പുത്തന്‍ ആധാര്‍ ആപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

പുതിയ ആധാര്‍ ആപ്പിന്റെ പ്രത്യേകതകള്‍

മള്‍ട്ടി-പ്രൊഫൈല്‍ മാനേജ്മെന്റാണ് പുതിയ ആധാര്‍ ആപ്പിലെ ഒരു പ്രത്യേകത. ഒരേ മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തിരിക്കുന്ന അഞ്ച് ആധാര്‍ കാര്‍ഡുകള്‍ വരെ ഒറ്റ ആപ്പില്‍ ചേര്‍ക്കാം. ഒരു വീട്ടിലുള്ളവരുടെ ആധാര്‍ കാര്‍ഡുകള്‍ ഒന്നിച്ച് കൈകാര്യം ചെയ്യാന്‍ ഇത് സഹായിക്കുന്നു.

ആപ്പില്‍ നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍ ബയോമെട്രിക് ഓതന്റിക്കേഷന്‍ ആക്റ്റിവേറ്റ് ചെയ്യാം. നിങ്ങള്‍ ബയോമെട്രിക് വഴി ആപ്പ് അണ്‍ലോക്ക് ചെയ്യാതെ ആധാര്‍ വിവരങ്ങള്‍ മറ്റൊരാള്‍ക്കും പങ്കിടാനാവില്ല.

പുതിയ ആധാര്‍ ആപ്പില്‍ ആധാര്‍ കാര്‍ഡിലെ ഏതൊക്കെ വിവരങ്ങള്‍ മറ്റൊരാള്‍ക്ക് പങ്കിടാമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാന്‍ കഴിയും. നിങ്ങളുടെ പേരും ഫോട്ടോയും മാത്രം പങ്കുവെച്ചാല്‍ മതിയോ, ജനന തീയതിയും വിലാസവും മറയ്ക്കണോ എന്നെന്നല്ലാം ആപ്പില്‍ നിങ്ങള്‍ക്ക്  തീരുമാനിക്കാം.

വേഗത്തില്‍ ആധാര്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ നിങ്ങള്‍ക്ക് ആപ്പില്‍ ഒരു ആധാര്‍ ക്യൂആര്‍ കോഡ് ഓപ്ഷനുണ്ട്. ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആധാര്‍ വിവരങ്ങള്‍ നല്‍കാന്‍ ക്യൂആര്‍ കോഡ് സ്‌കാനിംഗ് വഴി ഇനി എളുപ്പമാകും.

സേവ് ചെയ്ത് വച്ചിരിക്കുന്ന ആധാര്‍ വിവരങ്ങള്‍ ഇന്റര്‍നെറ്റ് കണക്ഷനില്ലാത്ത സമയത്തും കാണാനാകും. അതേസമയം, പുതിയ ആധാര്‍ ആപ്പിന്റെ എല്ലാ ഫീച്ചറുകളും ഉപയോഗിക്കണമെങ്കില്‍ നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ്/ഡാറ്റാ കണക്ഷനുണ്ടായിരിക്കണം.

നിങ്ങള്‍ ആധാര്‍ ആപ്പ് വഴി എപ്പോഴൊക്കെ വിവരങ്ങള്‍ ഉപയോഗിക്കുകയും പങ്കിടുകയും ചെയ്തിട്ടുണ്ടെന്ന് ആപ്പിലെ ആക്റ്റിവിറ്റി ലോഗ് വഴി അറിയാനാകും