ഗ്വാളിയർ: നാൽപത് വർഷത്തോളമായി 33 രൂപ മാത്രം പെൻഷനായി ലഭിച്ച 79കാരിക്ക് ഒടുവിൽ നീതി. വർഷങ്ങളോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ഗ്വാളിയാർ സ്വദേശി മിഥിലേഷ് ശ്രീവാസ്തവയ്ക്ക് അനുകൂലമായി കോടതി വിധിയെത്തി. സർക്കാരുകളും തലമുറകളും മാറിമാറിയെത്തിയെങ്കിലും മിഥിലേഷിന് നീതി ലഭിച്ചിരുന്നില്ല. തൻ്റെ 79ാം വയസിലും അനുകൂല വിധി ലഭിക്കുമെന്ന വിശ്വാസത്തിൽ മിഥിലേഷ് കോടതിയിൽ എത്തിയിരുന്നു.
കഴിഞ്ഞ നാല് പതിറ്റാണ്ടായി കോടതി സമൻസുകളും, പുതിയ വാദം കേൾക്കൽ തീയതികളും, പൊള്ളയായ ഉറപ്പുകളും മാത്രമാണ് മിഥിലേഷിന് ലഭിച്ചത്. അവരുടെ ഭർത്താവ് ശങ്കർലാൽ ശ്രീവാസ്തവ മധ്യപ്രദേശ് പൊലീസിൽ 23 വർഷം സേവനമനുഷ്ഠിച്ചു. 1971 ൽ രാജിവച്ചു. 1985 ൽ അദ്ദേഹം മരിച്ചു. അന്നുമുതൽ മിഥിലേഷ് ശ്രീവാസ്തവ 33 രൂപയെന്ന തുച്ഛമായ പെൻഷൻ തുക വാങ്ങിയാണ് ജീവിതം തള്ളി നീക്കിയത്.
ശങ്കർലാൽ മരിച്ചപ്പോൾ, മിഥിലേഷ് ഭർത്താവിന്റെ പെൻഷൻ, ഗ്രാറ്റുവിറ്റി, വിരമിക്കൽ ആനുകൂല്യങ്ങൾ എന്നിവ നേടുന്നതിനുള്ള നടപടികൾ ആരംഭിച്ചു. എന്നാൽ അവരുടെ അപേക്ഷകൾ ഫയലുകളിൽ മാത്രം ഒതുങ്ങി. പിന്നാലെയാണ് മിഥിലേഷ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. വർഷങ്ങളുടെ വാദങ്ങൾക്കൊടുവിൽ 2005-ൽ സിവിൽ കോടതി അവർക്ക് അനുകൂലമായി വിധി പ്രസ്താവിച്ചെങ്കിലും പണം ലഭിച്ചില്ല. സാങ്കേതികതകൾക്കും ‘കാണാതായ രേഖകൾക്കും’ പിന്നിൽ മറഞ്ഞിരുന്ന വകുപ്പ് കാലതാമസം തുടർന്നു.
വർഷങ്ങൾ വീണ്ടും കടന്നുപോയി. ഓരോ തവണയും, അടുത്ത വാദം കേൾക്കൽ അവസാനിക്കുമെന്ന് അവർ പ്രതീക്ഷിച്ചു. ഫയലുകളുടെയും ഓഫീസർമാരുടെയും മാറിവരുന്ന സർക്കാരുകളുടെയും പാളികളിലൂടെ മിഥിലേഷിൻ്റെ കേസ് സിവിൽ കോടതിയിൽ നിന്ന് ഹൈക്കോടതിയിലേക്ക് മാറി.
ഒടുവിൽ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോർ ബെഞ്ചിന് മുന്നിൽ വീണ്ടും കേസെത്തി. ജഡ്ജിക്ക് പോലും അവിശ്വാസം പ്രകടിപ്പിക്കാതിരിക്കാൻ കഴിഞ്ഞില്ല. “ഈ കേസ് നിങ്ങളുടെയും എന്റെയും കേസിനേക്കാൾ പഴക്കമുള്ളതാണ്,” ജഡ്ജി പറഞ്ഞു.
ഏറ്റവുമൊടുവിലത്തെ വാദം കേൾക്കലിൽ, നവംബറിനുള്ളിൽ നിർദ്ദേശം പാലിച്ചില്ലെങ്കിൽ കാലതാമസത്തിന് കാരണം വിശദീകരിക്കണമെന്നും, ഷിയോപൂർ പൊലീസ് സൂപ്രണ്ട് നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. വൈകിയ നീതി എന്നത്, നീതി നിഷേധിക്കപ്പെടുന്നതിന് തുല്യമാണെന്ന് പറയപ്പെടുമ്പോൾ, മിഥിലേഷിന് ഇവിടെ നീതി ലഭിച്ചോ എന്നത് ചോദ്യമാണ്.


