തൃശൂര്‍: ആഡംബര ബസിൻ്റെ ഉടമയില്‍ നിന്ന് 75 ലക്ഷം രൂപ കവർന്ന സംഘത്തിനായി സംസ്ഥാനത്ത് വ്യാപക തിരച്ചില്‍. മണ്ണുത്തി ദേശീയ പാതയിലാണ് സംഭവം. അറ്റ്‌ലസ് ബസുടമയായ എടപ്പാള്‍ കൊലവളമ്പ് കണ്ടത്തുവച്ചപ്പില്‍ മുബാറക്കാണ് കവര്‍ച്ചയ്ക്ക് ഇരയായത്.
ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. ബസ് വിറ്റതില്‍ നിന്ന് ലഭിച്ച 75 ലക്ഷം രൂപയടങ്ങുന്ന ബാഗുമായി ബെംഗളൂരൂവില്‍ നിന്ന് സ്വന്തം ബസില്‍ തൃശൂരില്‍ എത്തിയതായിരുന്നു മുബാറക്. യാത്രക്കിടയില്‍ മണ്ണുത്തി ബൈപ്പാസിന് സമീപം ചായ കുടിക്കാന്‍ ഇറങ്ങിയതിനിടയിലാണ് കവര്‍ച്ച നടന്നത്.
ബാഗ് സമീപത്തുണ്ടായിരുന്ന മെഡിക്കല്‍ ഷോപ്പില്‍ നോക്കാൻ ഏല്‍പ്പിച്ച ശേഷം ശുചിമുറിയിലേക്ക് പോകവേ തൊപ്പി ധരിച്ച ഒരാള്‍ വന്ന് ബാഗ് എടുത്തുകൊണ്ട് പോവുകയായിരുന്നു. ഇതുകണ്ട് മുബാറക് ഓടി വന്ന് തടയാന്‍ ശ്രമിച്ചെങ്കിലും സമീപത്തുണ്ടായിരുന്ന കാറില്‍ നിന്നിറങ്ങിയ മൂന്ന് പേരെത്തി മുബാറക്കിനെ തള്ളിയിടുകയായിരുന്നു. പിന്നാലെ ബാഗ് എടുത്ത് ഇവര്‍ കടന്നു കളഞ്ഞു. സംഭവത്തില്‍ വ്യാപക തിരച്ചില്‍ നടന്നു വരികയാണ്. ബാഗ് മെഡിക്കല്‍ ഷോപ്പില്‍ നിന്ന് എടുത്തു കൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.





