കെപിസിസി പുന:സംഘടനയില്‍ തഴഞ്ഞതിലെ അതൃപ്തി; പാര്‍ട്ടി പരിപാടിയില്‍ നിന്ന് വിട്ടു നിന്ന് ചാണ്ടി ഉമ്മന്‍

0
29

പത്തനംതിട്ട: കെപിസിസി പുനസംഘടിപ്പിച്ചപ്പോള്‍ തന്നെ തഴഞ്ഞതില്‍ അതൃപ്തി പ്രകടമാക്കി ചാണ്ടി ഉമ്മന്‍ എംഎല്‍എ .കെപിസിസി പരിപാടിയില്‍ നിന്ന് വിട്ട് നിന്നു കൊണ്ടായിരുന്നു പ്രതിഷേധം. അടൂര്‍ പ്രകാശ് എം പി നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയുടെ റാന്നിയിലെ സ്വീകരണത്തില്‍ ചാണ്ടി പങ്കെടുക്കേണ്ടിയിരുന്നെങ്കിലും അദ്ദേഹം സംബന്ധിച്ചില്ല. ഇന്ന് രാവിലെ ആയിരുന്നു പരിപാടി.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ചാണ്ടി ഉമ്മനെ അവസാനവട്ടം തഴയുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്ക് പരിഗണിക്കപ്പെടാതെ പോയ അബിന്‍ വര്‍ക്കിയെ പിന്തുണച്ചത് ചാണ്ടി ഉമ്മന് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. യൂത്ത് കോണ്‍ഗ്രസ് മുന്‍ ഉപാധ്യക്ഷന്മാരെയും പരിഗണിച്ചില്ലെന്നും പരാതി ഉയരുന്നുണ്ട്.ചാണ്ടി ഉമ്മനെ ജനറല്‍ സെക്രട്ടറിയോ വൈസ് പ്രസിഡന്റോ ആക്കുമെന്നായിരുന്നു പ്രതീക്ഷ.

എന്നാല്‍ കോണ്‍ഗ്രസ് പുറത്തുവിട്ട ജംബോ കമ്മിറ്റിയില്‍ ചാണ്ടി ഉമ്മനെ ഉള്‍പ്പെടുത്തിയിരുന്നില്ല. പതിമൂന്ന് ഉപാധ്യക്ഷന്മാരെയും 58 ജനറല്‍ സെക്രട്ടറിമാരായെും ഉള്‍പ്പെടുത്തി ഇന്നലെയാണ് ജംബോ പട്ടിക കെപിസിസി പുറത്തുവിട്ടത്.

അതേസമയം, യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ പദവിയില്‍നിന്ന് ഒഴിവാക്കിയതിനെതിരെ ചാണ്ടി ഉമ്മന്‍ ഇന്നലെ പരസ്യമായി പ്രതികരിച്ചിരുന്നു.തനിക്ക് വളരെയധികം മാനസിക വിഷമം ഉണ്ടാക്കിയ സംഭവമാണ്. ഒരു ചോദ്യം പോലും ചോദിച്ചില്ല. തന്നോട് പറഞ്ഞിരുന്നെങ്കില്‍ രാജിവെച്ച് ഒഴിഞ്ഞേനെ. തന്നെ അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയത് എന്നായിരുന്നു ചാണ്ടി ഉമ്മന്‍ പറഞ്ഞത്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചതാര് എന്ന് പിന്നീട് പറയാമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു.