മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് ഭാഗിക അനുമതി

0
62

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് സന്ദർശനം ഭാഗികമായി നടക്കും. സഊദി സന്ദർശനം മാറ്റിവെച്ചെങ്കിലും ബഹ്റൈനിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി ഈ മാസം 17-ന് നടക്കും. നേരത്തെ ഈ മാസം 16നാണ് മുഖ്യമന്ത്രി ബഹ്റൈനിൽ പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ കേന്ദ്രത്തിന്റെ അനുമതി ലഭ്യമാകാത്ത സഹചര്യത്തിൽ സഊദി സന്ദർശനം താൽക്കാലികമായി റദ്ദാക്കിയതോടെ ബഹ്റൈനിൽ പരിപാടി 17-ലേക്ക് മാറ്റുകയായിരുന്നു.

ബഹ്റൈനിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സഭ സമ്മേളനം 17ന് വൈകിട്ട് ഏഴിന് മനാമയിലെ കേരളീയ സമാജം ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സർക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു.

അതേസമയം, മുഖ്യമന്ത്രിയുടെ സൗദി സന്ദർശനം നേരത്തെ നിശ്ചയിച്ചതു പ്രകാരം നിലവിലുള്ള സഹചര്യത്തിൽ നടക്കില്ല. യാത്ര താൽക്കാലികമായി റദ്ദാക്കിയത് സാങ്കേതിക കാരണങ്ങളാലാണെന്നാണ് മലയാളം മിഷൻ സൗദി ചാപ്റ്റർ ഭാരവാഹികൾ വ്യക്തമാക്കിയത്. കേരള മുഖ്യമന്ത്രി പദവിയിൽ ഇരിക്കെ പിണറായി വിജയൻ സഊദി അറേബ്യയിൽ നടത്തുന്ന ആദ്യ സന്ദർശനമായാണ് ഇത് നിശ്ചയിച്ചിരുന്നത്.

മലയാളം മിഷൻ സൗദി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിൽ സംഘടിപ്പിക്കാനിരുന്ന ‘മലയാളോത്സവം’ പരിപാടിയുടെ ഉദ്‌ഘാടനമായിരുന്നു മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും സഊദി സന്ദർശനോദ്ദേശ്യം. 17 ന് ദമ്മാമിലും 18 ന് ജിദ്ദയിലും 19 ന് റിയാദിലുമായിരുന്നു പരിപാടികൾ നിശ്ചയിച്ചിരുന്നത്. ദമ്മാം, ജിദ്ദ എന്നിവിടങ്ങളിൽ സംഘത്തിന്റെ പൊതുപരിപാടിക്കായി വിപുലമായ സംഘാടക സമിതികൾ രൂപീകരിച്ച് ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു.

യാത്ര താൽക്കാലികമായി മാറ്റിവെച്ചെങ്കിലും പരിപാടി മറ്റു തീയതികളിൽ നടത്താൻ ശ്രമിക്കുമെന്ന് മലയാളം മിഷൻ ഭാരവാഹികൾ അറിയിച്ചു. പുതിയ യാത്രാ തീയതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രിയുടെ സൗദി സന്ദർശനം മുടങ്ങുന്നത്. 2023 ഒക്ടോബറിൽ സൗദി അറേബ്യയിൽ വെച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ലോക കേരളസഭയുടെ പ്രാദേശിക സമ്മേളനം നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് അന്നും യാത്ര റദ്ദാക്കിയിരുന്നു.