ബിഹാർ പോളിങ് ബൂത്തിലേക്ക്; വോട്ടെടുപ്പ് രണ്ടു ഘട്ടം, വോട്ടെണ്ണൽ നവംബർ 14ന്

0
182

പട്ന: ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളായി നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ആർ.ഗ്യാനേഷ് കുമാർ അറിയിച്ചു.  നവംബർ 6നും നവംബർ 11നും. വോട്ടെണ്ണൽ നവംബർ 14ന്. ബിഹാറിൽ ആകെ 7.43 കോടി വോട്ടർമാർ. ഇതിൽ 3.92 കോടി പുരുഷൻമാരും.

3.5 കോടി സ്ത്രീകളും14 ലക്ഷം പുതിയ വോട്ടർമാരുമാണ്. 90,712 പോളിങ് സ്റ്റേഷനുകൾ. ഇതിൽ 1044 എണ്ണം സ്ത്രീകള്‍ കൈകാര്യം ചെയ്യുന്ന പോളിങ് സ്റ്റേഷനുകളായിരിക്കും. എല്ലായിടത്തും വെബ്കാസ്റ്റ് ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു. 

വോട്ടർപട്ടിക ശുദ്ധീകരണ പ്രക്രിയ ജൂൺ 24 മുതൽ ആരംഭിച്ചു. ഓഗസ്റ്റ് 1ന് കരടു വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 30ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ഇത്തവണ യാതൊരു പ്രശ്നങ്ങളുമില്ലാതെ തിരഞ്ഞെടുപ്പ് നടത്താനാണ് ശ്രമിക്കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു. വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നതെങ്ങനെയാണെന്ന് രാജ്യത്തെ മറ്റുള്ളവർക്ക് ബിഹാർ കാണിച്ചു കൊടുത്തു.

243 അംഗ നിയമസഭയുടെ കാലാവധി നവംബറിലാണ് അവസാനിക്കുന്നത്. നവംബർ 22ന് മുൻപ് തിരഞ്ഞെടുപ്പ് നടത്തുമെന്ന് കഴിഞ്ഞ ദിവസം മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ പറഞ്ഞിരുന്നു. വോട്ടെടുപ്പ് 2 ഘട്ടമായി നടത്തണമെന്നു പ്രതിപക്ഷവും ഒറ്റ ഘട്ടമായി നടത്തണമെന്നു ബിജെപിയും കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2020ലെ തിരഞ്ഞെടുപ്പ് മൂന്നുഘട്ടങ്ങളായാണ് നടന്നത്. ഒക്ടോബർ 28ന് ആദ്യഘട്ടം. പിന്നീട് നവംബർ മൂന്നിനും നവംബർ ഏഴിനുമായി അടുത്ത ഘട്ടങ്ങളും. നവംബർ 10ന് ഫലം പ്രഖ്യാപിച്ചു. 2015ലെ തിരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളായാണ് നടന്നത്. ഇക്കുറി എൻഡിഎയും ഇന്ത്യാ സഖ്യവും തമ്മിലാണ് മത്സരം. ബിജെപി, ജനതാദൾ (യുനൈറ്റഡ്), ലോക് ജൻശക്തി പാർട്ടി എന്നിവയാണ് എൻഡിഎ സഖ്യത്തിലുള്ളത്. ആർജെഡി നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിൽ കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെടും. ബിജെപി (80), ജെഡിയു (45), ആർജെഡി(77), കോൺഗ്രസ്(19) എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.