വാഷിങ്ടൻ: സമാധാന പദ്ധതി അംഗീകരിക്കാൻ ഹമാസിന് അന്ത്യശാസനം നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗാസയിൽ നിന്ന് അധികാരം ഒഴിയണമെന്നും ഇല്ലെങ്കിൽ ഉന്മൂലനം ചെയ്യും എന്നുമാണ് ഭീഷണി. യുഎസ് സമയം ഞായറാഴ്ച വൈകിട്ട് 6 മണിയ്ക്ക് സമാധാന പദ്ധതി അംഗീകരിക്കാൻ ഹമാസിനു നൽകിയ സമയപരിധി അവസാനിക്കുന്നതിനു തൊട്ടുമുൻപായാണ് ട്രംപിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ്.
രണ്ടുവർഷമായി തുടരുന്ന ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇസ്രയേലിനെയും ഹമാസിനെയും സമാധാന കരാറിൽ ധാരണയിലെത്താൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന ട്രംപ്, യുദ്ധം ഉടനടി നിർത്തണമെന്ന് മാത്രമല്ല, ഗാസയുടെ യുദ്ധാനന്തര ഭരണത്തിനുള്ള ഒരു ചട്ടക്കൂട് കൂടി വ്യക്തമാക്കുന്ന 20 നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. സംഘർഷം അവസാനിപ്പിക്കുന്നതിനും പ്രദേശത്തിന്റെ ഭാവി ഭരണം രൂപപ്പെടുത്തുന്നതിനുമുള്ള മാർഗരേഖ ആയാണ് വൈറ്റ് ഹൗസ് സമാധാന പദ്ധതിയെ വിശേഷിപ്പിക്കുന്നത്.
അതേസമയം, ഗാസയിലെ യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ഹമാസ് ബന്ദികളെ മോചിപ്പിക്കുന്നത് ആദ്യ ഘട്ടം മാത്രമാണെന്നും തുടർന്നുള്ള ക്രമീകരണങ്ങൾ ഇനിയും തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞതായാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.