കൂത്തുപറമ്പ്: എം.എൽ.എ. കെ.പി. മോഹനന് നേരെ കണ്ണൂർ പെരിങ്ങത്തൂരിൽ വെച്ച് നാട്ടുകാരുടെ കയ്യേറ്റം. പ്രദേശത്തെ മലിനജല പ്രശ്നത്തിൽ ഇടപെട്ടില്ലെന്ന് ആരോപിച്ച് പ്രതിഷേധിച്ച നാട്ടുകാരാണ് അംഗൻവാടി കെട്ടിടോദ്ഘാടനത്തിന് എത്തിയ എം.എൽ.എയെ തടയുകയും പിടിച്ചുതള്ളുകയും ചെയ്തത്.
ഏറെക്കാലമായി കരിയാട് പ്രദേശത്തെ ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന മലിനജലം ഒഴുക്കിവിടുന്ന വിഷയമാണ് പ്രതിഷേധത്തിന് കാരണമായത്. ഒരു സ്വകാര്യ ഡയാലിസിസ് സെന്റററിൽ നിന്നുള്ള മലിനജലം കിണറുകളിൽ ഉൾപ്പെടെ കലരുന്നുണ്ടെന്ന് നാട്ടുകാർ. ഈ വിഷയത്തിൽ ജനപ്രതിനിധി എന്ന നിലയിൽ എം.എൽ.എ.യുടെ ഭാഗത്തുനിന്ന് യാതൊരു പരിഹാരവും ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പ്രധാന ആക്ഷേപം.
ജനങ്ങളുടെ പ്രതിഷേധം ശക്തമായിരിക്കുന്നതിനിടെയാണ് കെ.പി. മോഹനൻ എം.എൽ.എ. അംഗൻവാടി കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനായി സ്ഥലത്തെത്തിയത്. തങ്ങളുടെ പരാതികൾ കേൾക്കാതെ സമരക്കാരെ അവഗണിച്ച് കടന്നുപോകാൻ എം.എൽ.എ. ശ്രമിച്ചു. ഇതോടെ രോഷാകുലരായ നാട്ടുകാർ അദ്ദേഹത്തെ തടയുകയായിരുന്നു. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ എം.എൽ.എയെ തടയുകയും പിടിച്ചുതള്ളുകയും അദ്ദേഹവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. കയ്യേറ്റവും പ്രതിഷേധവും വകവെക്കാതെ എം.എൽ.എ. അംഗൻവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.





