കൊച്ചി: സ്ത്രീകൾക്കെതിരായ അതിക്രമ കേസുകൾ ഉയരുന്നതോടെ കുട്ടികളുമായി അമ്മമാർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളിലും സംസ്ഥാനത്ത് വർധനവ്. കഴിഞ്ഞ ഏഴ് മാസത്തിനിടെ മാത്രം ഗാർഹിക പീഡനം നേരിട്ട 19 സ്ത്രീകൾ ആത്മഹത്യ ചെയ്തപ്പോൾ പറക്കമുറ്റാത്ത ഒൻപതു മക്കളും ഇല്ലാതായി. വിദ്യാഭ്യാസ വികസന സൂചികയിൽ കേരളത്തിലെ സ്ത്രീകൾ നടത്തുന്ന മുന്നേറ്റം ഗാർഹിക അതിക്രമം തടയുന്നതിൽ ഘടകമല്ലെന്നാണ് കേന്ദ്രസർക്കാരിന്റെ ദേശീയ കുടുംബ ആരോഗ്യ സർവ്വേ റിപ്പോർട്ടും വ്യക്തമാക്കുന്നത്.
ജിസ്മോൾ, ഷൈനി, താര, റീമ, വിപഞ്ചിക….
കോട്ടയം മുത്തോലി പടിഞ്ഞാറ്റിൻകരയിൽ റോഡരികിൽ ഇപ്പോഴും കാണാം അഡ്വ.ജിസ്മോൾ തോമസ് എന്ന ബോർഡ്. ഹൈക്കോടതി അഭിഭാഷകയായിരുന്നു. മുത്തോലി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. പാല, ഏറ്റുമാനൂർ, കോട്ടയം കോടതികളിൽ സജീവമായി പ്രാക്ടീസ് ചെയ്ത മിടുക്കിയായ വക്കീൽ. എന്നാൽ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മൂന്ന് വയസ്സും ഒന്നര വയസ്സും പ്രായമുള്ള മക്കളുമായി അയർക്കുന്നത് ഭർത്താവിന്റെ വീടിനരികെ മീനച്ചിലാറ്റിൽ ചാടി ജിസ്മോൾ ജീവനൊടുക്കി. വീട്ട് മുറ്റത്തെ അഭിഭാഷക ബോർഡ് പോലും മാറ്റാനാകാതെ വെന്ത് നീറുകയാണ് ജിസ്മോളുടെ അച്ഛൻ തോമസ് ഇപ്പോഴും. എന്തിനും ഏതിനും കൂട്ടായി തനിക്കൊപ്പം നിന്ന മകൾ, കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കുഞ്ഞുമക്കളുമായി ആ കടുംകൈ ചെയ്തത് എത്ര തകർന്ന് പോയിട്ടാകുമെന്ന് ഓർക്കുമ്പോൾ തോമസിന് നെഞ്ച് പൊള്ളുന്ന അനുഭവമാണ് ഇന്നും.
ജിസ്മോളുടെയും കുഞ്ഞുങ്ങളുടെയും മരണത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഭർത്താവ് ജിമ്മിയും, ജിമ്മിയുടെ അച്ഛനും അമ്മയും മൂത്ത സഹോദരിയുമാണ് പ്രതികൾ. ജിമ്മിയുടെ വീട്ടിൽ നിറത്തിന്റെയും സ്ത്രീധനത്തിന്റെയും പേരിൽ തുടങ്ങിയ കുത്തുവാക്കുകളും ജിമ്മിയുടെ അമ്മയും മൂത്ത സഹോദരിയും തുടർച്ചയായി ഏൽപിച്ച മാനസിക പീഡനവും മൂലം പ്രതികരിച്ചപ്പോൾ ശാരീരിക പീഡനത്തിലും കലാശിച്ചു. എന്നാൽ ഭർത്താവിന്റെ വീട്ടുകാരെ സംരക്ഷിക്കാനെന്നോണം പലപ്പോഴും ജിസ്മോൾ എല്ലാം മറച്ച് വെച്ചു. പ്രശ്നങ്ങളില്ലെന്ന് പലപ്പോഴും ചുറ്റുമുള്ളവരോട് പറഞ്ഞൊപ്പിച്ചു. ഉള്ളിലെല്ലാം സഹിച്ച് ഒതുക്കി വെച്ചതെല്ലാം ഒടുവിൽ മീനച്ചിലാറ്റിൽ അവസാനിച്ചു. കുടുംബം, സമൂഹം, മതം എന്ന് തുടങ്ങി ഒരു സ്ത്രീയുടെ ജീവിതം നിയന്ത്രിക്കാനുള്ള വ്യവസ്ഥിതിയുടെ കിടമത്സരം ജിസ്മോളുടെ സംസ്കാര ചടങ്ങിൽ വരെ നീണ്ടു.





