വയനാട്: ചൂരൽ മലയിലും മുണ്ടക്കൈലുമൊക്കെ സ്വീപ്പ്ലൈൻ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുന്ന കാഴ്ച ഏവരും ആശങ്കയോട് കൂടി കണ്ടതാണ്. എന്നാൽ അതേ സ്വീപ്പ്ലൈൻ ഉപയോഗിച്ച് ഒരു ഓണാഘോഷ പരിപാടി സംഘടിപ്പിച്ചിരിക്കുകയാണ് മുക്കം അഗ്നി രക്ഷാ നിലയം.
ഓണം കളർ ആക്കാൻ സ്വീപ്പ് ലൈനിലൂടെയാണ് ഇത്തവണ മാവേലി പറന്നിറങ്ങിയത്. ഇങ്ങനെയൊരു വെറൈറ്റി ഓണാഘോഷത്തിന് പിന്നിൽ പ്രവർത്തിച്ചത് മുക്കം ഫയർ യൂണിറ്റ് റിക്രിയേഷൻ ക്ലബ്ബാണ്.
എവിടെയെങ്കിലും കുടുങ്ങിപ്പോയവരെയും ഒറ്റപ്പെട്ടവരെയും സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കാനുള്ള സംവിധാനമാണ് റോപ്പ് റസ്ക്യൂ സ്വിപ്പ് ലൈൻ. എന്നാൽ രക്ഷാപ്രവർത്തനത്തിന് മാത്രമല്ല, മാവേലിക്ക് പറന്നിറങ്ങാനും ഈ റോപ്പ് റെസ്ക്യൂ സ്വീപ്പ്ലൈൻ ഉപകരിക്കുമെന്നാണ് മുക്കം അഗ്നിരക്ഷാസേനയുടെ ഓണാഘോഷം കാണിച്ചുതരുന്നത്.
നിരവധി പേരാണ് ഈ അപൂർവ്വകാഴ്ച കാണാനായി ഫയർ യൂണിറ്റിൻ്റെ ഓണാഘോഷ ചടങ്ങുകളിൽ പങ്കാളികളായത്. പൂക്കളമിട്ടും പാട്ടുപാടിയും മറ്റ് വിനോദ പരിപാടികൾ ഒരുക്കിയും ഓണാഘോഷം പൊടി പൊടിക്കുന്നതിനിടയിലാണ് ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മാവേലി ആകാശത്തു നിന്നും ഓലകുടയും ചൂടി പറന്നിറങ്ങിയത്.





