മോസ്കോ: ഇയർഫോൺ ചെവിയിൽ ഇരിക്കാത്ത പ്രതിസന്ധി പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ വിട്ടൊഴിയുന്നില്ല, അതിലൂടെയുള്ള നാണക്കേടും. മൂന്നു വർഷം മുൻപ്, ഉസ്ബെക്കിസ്ഥാനിലെ ചർച്ചയ്ക്കിടെ ഇയർഫോൺ ചെവിയിൽ വയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന ഷഹബാസിന്റെ വിഡിയോ വൈറലായിരുന്നു.
ചൈനയിലെ ടിയാൻജിനിൽ ദിവസങ്ങൾക്ക് മുൻപു നടന്ന ഷാങ്‌ഹായ് സഹകരണ കൂട്ടായ്മയിലെ (എസ്‌സിഒ) ചർച്ചയിലും ഷഹബാസ് ഇയർഫോൺ വയ്ക്കാൻ ബുദ്ധിമുട്ടി. രണ്ടു ചർച്ചയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായിട്ടായിരുന്നു.
ചർച്ചകൾക്കായി പുട്ടിനൊപ്പം ഇരിക്കുമ്പോൾ, ഇയർഫോൺ ചെവിയിൽ വയ്ക്കാൻ കഴിയാതെ ഷഹബാസ് പ്രയാസപ്പെടുന്നതും, എങ്ങനെ ഇയർഫോൺ ഉപയോഗിക്കണമെന്ന് പുട്ടിൻ കൈകൊണ്ട് ആംഗ്യം കാണിക്കുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇയർഫോൺ വയ്ക്കാന്‍ ഷഹബാസ് ബുദ്ധിമുട്ടുമ്പോൾ പുട്ടിൻ ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വേദിയിലുണ്ടായ നാണക്കേടിൽ നിന്ന് അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുന്ന പുട്ടിൻ, എങ്ങനെ ഇയർഫോൺ വെക്കണമെന്ന് കാണിക്കാൻ തന്റെ ഇയർഫോൺ എടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ആദ്യമായല്ല ഷഹബാസ് ഷെരീഫ് ഇയർഫോൺ വയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നത്. 2020ൽ ഉസ്ബെക്കിസ്ഥാനിൽ നടന്ന ഉച്ചകോടിയിൽ പുട്ടിനു മുന്നിൽ വച്ച് അദ്ദേഹത്തിന് ഇതേ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ചർച്ച തുടങ്ങുന്നതിനു മുൻപ് അദ്ദേഹത്തിന്റെ ഇയർഫോൺ ഊരിപ്പോയി. ഉദ്യോഗസ്ഥർ സഹായിക്കാൻ ശ്രമിച്ചിട്ടും ഇയർഫോൺ പലതവണ ഊരി വീണു. സംഭവം വൈറലായതോടെ പാക്കിസ്ഥാനിലെ എതിർ രാഷ്ട്രീയ പാർട്ടികളിൽ നിന്നും വിമർശനങ്ങൾ ഉയർന്നു. ‘220 ദശലക്ഷം ജനസംഖ്യയുള്ള ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് ഷഹബാസ് ഷെരീഫ് എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം’–സമൂഹമാധ്യമത്തിലെ ഒരു കമന്റ് ഇങ്ങനെ.
സിന്ധു നദീജല കരാർ ലംഘിച്ച് പാക്കിസ്ഥാനിലേക്കുള്ള ജലവിതരണം ഇന്ത്യ നിർത്തിയാൽ ‘നിർണായക പ്രതികരണം’ ഉണ്ടാകുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഭീഷണി മുഴക്കിയിരുന്നു. പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറും മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയും സമാന ഭീഷണി മുഴക്കിയതിനു പിന്നാലെയായിരുന്നു ഷഹബാസ് ഷെരീഫിന്റെ പ്രസ്താവന.