ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഗുരേസ് സെക്ടറിൽ കഴിഞ്ഞയാഴ്ച സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ച രണ്ടു ഭീകരരിലൊരാൾ കൊടും ഭീകരൻ ബാഗു ഖാനാണെന്ന് തിരിച്ചറിഞ്ഞു.
സമുന്ദർ ചാച്ച എന്നു വിളിപ്പേരുള്ള ഇയാളായിരുന്നു ഇന്ത്യയിലേക്കു നുഴഞ്ഞു കയറാൻ ഭീകരരരെ സഹായിച്ചിരുന്ന ബുദ്ധികേന്ദ്രങ്ങളിലൊന്ന്. ഹിസ്ബുൽ മുജാഹിദീനുമായി ചേർന്നു പ്രവർത്തിച്ചിരുന്ന ഇയാൾ 1995 മുതൽ നൂറിലേറെ നുഴഞ്ഞുകയറ്റങ്ങൾക്കു നേതൃത്വം നൽകിയിട്ടുണ്ട്.
അതിർത്തിയിൽ നുഴഞ്ഞുകയറാൻ സൗകര്യപ്രദമായ എല്ലാ വഴികളെക്കുറിച്ചും അറിവുണ്ടായിരുന്ന ഇയാൾ, ഇന്ത്യൻ സേനയുടെ പിടിയിൽപെടാതെ അതിർത്തി കടക്കാൻ ഭീകരർക്ക് സൗകര്യങ്ങളൊരുക്കിയിരുന്നതായി സേനാ വൃത്തങ്ങൾ പറയുന്നു. അതിനാൽ ഹ്യൂമൻ ജിപിഎസ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഇയാളുടെ മൃതദേഹത്തിൽനിന്ന് സുരക്ഷാസേനയ്ക്ക് തിരിച്ചറിയൽ കാർഡിൽനിന്ന്, പാക്കിസ്ഥാനിലെ മുസാഫറാബാദ് സ്വദേശിയാണ് ഇയാളെന്നു വ്യക്തമായിട്ടുണ്ട്.





