തത്തയെ കെണിവെച്ച് പിടിച്ച് വളര്‍ത്തി; വീട്ടുടമസ്ഥനെതിരെ കേസെടുത്ത് വനംവകുപ്പ്

0
62

കോഴിക്കോട്: വയലില്‍ നിന്ന് കെണിവെച്ച് പിടിച്ച് തത്തയെ വളര്‍ത്തിയതിന് വീട്ടുടമസ്ഥനെതിരെ കേസെടുത്ത് വനം വകുപ്പ്. കോഴിക്കോട് നരിക്കുനി ഭരണിപ്പാറ സ്വദേശി റഹീസിൻ്റ പേരിലാണ് കേസെടുത്തിട്ടുള്ളത്.

ഇയാൾ പതിവായി തത്തയെ പിടികൂടി കൂട്ടിലാക്കാറുണ്ടെന്നും ആരോപണമുണ്ട്. കൂട്ടിലടച്ചു വളർത്തുകയായിരുന്നു തത്തയെയാണ് താമരശ്ശേരി റേഞ്ച് ഓഫീസറും സംഘവും കസ്റ്റഡിയിലെടുത്തത്.

1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂൾ 2 പട്ടികയിൽ പെടുന്നതാണ് നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന മോതിര തത്തകൾ. ഇവയെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവവർഗ്ഗത്തിലാണ് പട്ടികപ്പെടുത്തിയിട്ടുള്ളത്. താമരശേരി റെയ്ഞ്ച് ഓഫീസർ പ്രേം ഷമീറിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് തത്തയെ കൂട് സഹിതം കസ്റ്റഡിയിലെടുത്തത്.

ഇത്തരം തത്തകളെ പിടികൂടി കൂട്ടിലിട്ട് വളർത്തുന്നത് ഏഴു വർഷം വരെ തടവും 25,000 രൂപയിൽ കുറയാതെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ പലർക്കും പ്രത്യേക സംരക്ഷണമുള്ള ഇനത്തിൽപ്പെട്ട തത്തയാണ് മോതിര തത്തയെന്ന കാര്യം അറിയാത്തതും ഇങ്ങനെ പലരും കേസിൽ പെടാനിടയാകുന്നുണ്ട്.