ദുബൈ: ദുബൈയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് വന്‍ തുക നഷ്ടപരിഹാരം ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് മലയാളി യുവതി. കണ്ണൂര്‍ നീര്‍ച്ചാല്‍ സ്വദേശിനി റഹ്മത്ത് ബി മമ്മദ് സാലിക്കാണ് 2.37 കോടി രൂപ (10 ലക്ഷം യുഎഇ ദിര്‍ഹം) നഷ്ടപരിഹാരം ലഭിച്ചത്.
2023 ഏപ്രില്‍ 24ന് അല്‍ വഹീദ ബംഗ്ലാദേശ് കൗണ്‍സലേറ്റിന് സമീപം നടന്ന വാഹനാപകടത്തിലാണ് റഹ്മത്തിന് ഗുരുതരമായി പരിക്കേറ്റത്. സീബ്രലൈന്‍ ഇല്ലാത്ത സ്ഥലത്ത് റോഡ് മുറിച്ചുകടക്കുമ്പോള്‍ റഹ്മത്തിനെ യുഎഇ പൗരന്‍ ഓടിച്ച നിസാന്‍ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഡ്രൈവറുടെ അശ്രദ്ധയും റോഡ് ഉപയോക്താക്കളെ പരിഗണിക്കാതെയുള്ള ഡ്രൈവിങ്ങുമാണ് അപകടത്തിന് കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതാണ് റഹ്മത്ത് ബിക്ക് തുണയായത്. തലച്ചോറില്‍ രക്തസ്രാവം, നടുവിന് ഒടിവ്, പേശികള്‍ക്ക് ബലഹീനത, വലത് കൈകാലുകള്‍ക്ക് പക്ഷാഘാതം തുടങ്ങിയ ഗുരുതര പരിക്കുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് ദുബൈ റാശിദിയ ആശുപത്രിയില്‍ റഹ്മത്ത് ബി ചികിത്സയിലായിരുന്നു. യുഎഇയിലെ ചികിത്സയ്ക്ക് ശേഷം യുവതി കേരളത്തിലെ ആയുര്‍വേദ കേന്ദ്രത്തില്‍ തുടര്‍ ചികിത്സയും തേടി. കേരളത്തിലെ ട്രോമ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകളെയാണ് അവര്‍ ഇപ്പോഴും ആശ്രയിക്കുന്നത്.
അശ്രദ്ധമായി റോഡ് മുറിച്ചു കടന്നതിന് (Jay Walking) റഹ്മത്തും ഉത്തരവാദിയാണെന്ന് പൊലീസും കോടതിയും കണ്ടെത്തി. ഇതുപ്രകാരം കേസില്‍ യുഎഇ പൗരന് 3000 ദിര്‍ഹവും റഹ്മത്തിന് 1000 ദിര്‍ഹവും പിഴ ചുമത്തുകയും ചെയ്തു. തുടര്‍ന്നാണ് ദുബൈയിലെ പ്രമുഖ ലീഗല്‍ സര്‍വിസ് സ്ഥാപനത്തിന്റെ സഹായത്തോടെ റഹ്മത്ത് നഷ്ടപരിഹാരത്തിന് ക്ലെയിം ചെയ്തത്.
റഹ്മത്ബിയുടെ പരിക്കുകളുടെ കാഠിന്യം ശ്രദ്ധയില്‍പ്പെട്ട കോടതി, ഇന്‍ഷുറന്‍സ് കമ്പനിയോട് അവര്‍ക്ക് 2.38 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. ഇതിനെതിരെ കമ്പനി അപ്പീല്‍ പോയെങ്കിലും നഷ്ടപരിഹാര വിധി മേല്‍ക്കോടതിയും ശരിവയ്ക്കുകയായിരുന്നു.
അപകടത്തിന് മുമ്പ്, വീട്ടുജോലിക്കാരി, സ്‌കൂള്‍ ബസ് കണ്ടക്ടര്‍ തുടങ്ങിയ ജോലികള്‍ അവര്‍ ചെയ്തിരുന്നു. ‘അല്‍ഹംദുലില്ലാഹ്… ഇപ്പോള്‍ ഞാന്‍ വളരെ നന്ദിയുള്ളവളാണ്’- റഹ്മത്ബി പറഞ്ഞു. ഇപ്പോള്‍ എനിക്ക് ശരിയായി നടക്കാന്‍ കഴിയില്ല. ഇപ്പോഴും ശരിയായി സംസാരിക്കാനും ചലിക്കാനും ബുദ്ധിമുട്ടാണ്. അധികം വരുമാനമില്ലാത്ത എന്റെ കുട്ടികളെയാണ് ഞാന്‍ ആശ്രയിക്കുന്നത്- അവര്‍ പറഞ്ഞു. എന്റെ കുട്ടികള്‍ എനിക്ക് ഒരു വീല്‍ചെയര്‍ വാങ്ങി തന്നു. പക്ഷേ എനിക്ക് അതില്‍ ശരിയായി ഇരിക്കാന്‍ പോലും കഴിഞ്ഞില്ല- അവര്‍ ഓര്‍ത്തു.