ഒന്നര വർഷത്തിന് ശേഷം ഹറമുകളിൽ ജന ലക്ഷങ്ങൾ പങ്കെടുത്ത ജുമുഅ നിസ്കാരം

0
3866

മക്ക/മദീന: ഒന്നര വർഷത്തിന് ശേഷം ഹറമുകളിൽ ഇന്നത്തെ ജുമുഅ നിസ്‌കരത്തിന് പങ്കെടുത്ത് ജന ലക്ഷങ്ങൾ. ഇരു ഹറമുകളിലെയും നിയന്ത്രണം ഭാഗികമായി നീക്കം ചെയ്തത്തിന് ശേഷമുള്ള ആദ്യ ജുമുഅ നമസ്കാരത്തിലാണ് ജന ലക്ഷങ്ങൾ പങ്കെടുത്തത്. കൊവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ച് വിശ്വാസികളെ ഇരുഹറമുകളിലും പൂർണതോതിൽ പ്രവേശിപ്പിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനമുണ്ടായതിന് പിന്നാലെ ഇതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ഇതേ തുടർന്ന് ഞായറാഴ്ച മുതൽ നമസ്കാര വേളയിൽ സ്വഫുകൾക്കിടയിലെ സാമൂഹിക അകലം പാലിക്കൽ നിബന്ധന എടുത്തുകളയുകയും ഇരുഹറമുകളിലും നമസ്കാരത്തിന് പൂർണ തോതിൽ വിശ്വാസികൾക്ക് പ്രവേശനം നൽകുകയും ചെയ്തിരുന്നു.

കൊവിഡിനെ തുടർന്ന് മുൻകരുതലന്നോണം ഒന്നര വർഷത്തോളം നീണ്ട നിയന്ത്രണങ്ങൾക്ക് ശേഷം ആദ്യമായാണ് ഇത്രയും ആളുകൾ ജുമുഅക്കെത്തുന്നത്. ആരോഗ്യ മുൻകരുതൽ പാലിച്ചിട്ടുണ്ടോയെന്ന് നിരീക്ഷിക്കാൻ പ്രത്യേകം ആളുകളെ നിയോഗിച്ചിരുന്നു. കർശനമായ ആരോഗ്യ മുൻകരുതലുകൾക്കിടയിൽ സ്വദേശികളും വിദേശികളും ഉംറ തീർഥാടകരുമായ ലക്ഷങ്ങളാണ് ജുമുഅ നമസ്കാരം നിർവഹിച്ചത്. കൂടുതൽ ആളുകൾ ജുമുഅക്ക് എത്തുന്നതിനാൽ ഹറമിലെ 50 കവാടങ്ങൾ തുറക്കുകയും പ്രവേശന കവാടങ്ങളിൽ ആളുകൾക്ക് സുഗമമായി സഞ്ചരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തുകയും ആരോഗ്യ മുൻകരുതൽ ഉറപ്പുവരുത്താൻ കൂടുതൽ പേരെ നിയോഗിക്കുകയും ചെയ്തിരുന്നു.

മസ്ജിദുൽ ഹറാമിൽ ഡോ: മാഹിർ അൽമുഅയ്ഖിലിയും, മസ്ജിദുന്നബവിയിൽ ശൈഖ് അബ്ദുല്ല ബിൻ അബ്ദുറഹ്മാൻ അൽബുഅയ്ജാനുമാണ് ജുമുഖ ഖുതുബക്കും നമസ്കാരത്തിനും നേതൃത്വം നൽകിയത്. വെള്ളിയാഴ്ച ഇരുഹറമുകളിലെത്തുന്നവർക്ക് ജുമുഅ നമസ്കരിക്കാൻ മുഴുവൻ നമസ്കാര സ്ഥലങ്ങളും ഒരുക്കാൻ ഇരുഹറം കാര്യാലയ മേധാവി ഡോ: അബ്ദുറഹ്മാൻ അൽസുദൈസ് വ്യാഴാഴ്ച നിർദേശം നൽകിയിരുന്നു.