ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ വനിതാ എസ്‌ഐയ്ക്ക് ദാരുണാന്ത്യം. കാന്‍പുര്‍ സ്വദേശിയും കാവിനഗര്‍ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐയുമായ റിച്ച സച്ചന്‍(25) ആണ് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ പട്രോളിങ് ഡ്യൂട്ടി കഴിഞ്ഞ് ബുള്ളറ്റില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടുകയും ഇതിനെ ഇടിക്കാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചപ്പോള്‍ നിയന്ത്രണംവിട്ട് കാറുമായി കൂട്ടിയിടിക്കുകയും ചെയ്തെന്നാണ് വിവരം. എസ്‌ഐയുടെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കാവിനഗര്‍ പോലീസ് സ്‌റ്റേഷന് കീഴിലെ ശാസ്ത്രി ഔട്ട്‌പോസ്റ്റിലാണ് റിച്ച ജോലിചെയ്തിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഡ്യൂട്ടി കഴിഞ്ഞ് ബുള്ളറ്റില്‍ വീട്ടിലേക്ക് മടങ്ങിയത്. അപകടസമയത്ത് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയിലാണ് എസ്‌ഐ ബൈക്കില്‍ സഞ്ചരിച്ചിരുന്നതെന്നാണ് വിവരം. ഹെല്‍മെറ്റും ധരിച്ചിരുന്നു. അതേസമയം, അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ സംഭവത്തിന് പിന്നാലെ ഓടിരക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകളിലുണ്ട്.
2023-ലാണ് റിച്ച യുപി പോലീസില്‍ ജോലിയില്‍ പ്രവേശിച്ചത്. 2025 മാര്‍ച്ചോടെ മീററ്റിലെ പോലീസ് ട്രെയിനിങ് സ്‌കൂളില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയശേഷം കാവിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ നിയമിതയായി. ജോലിക്കിടെയും സിവില്‍സര്‍വീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളിലായിരുന്നു റിച്ച. റിച്ചയുടെ പിതാവ് രാംബാബു കര്‍ഷകനാണ്. രാംബാബുവിന്റെ അഞ്ചുമക്കളില്‍ ഏറ്റവും ഇളയയാളാണ് റിച്ച.
ബൈക്കുകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന റിച്ച രണ്ടുവര്‍ഷം മുന്‍പാണ് ഏറെ ആഗ്രഹിച്ച് ബുള്ളറ്റ് സ്വന്തമാക്കിയതെന്ന് പിതാവ് പറഞ്ഞു. ”സ്‌കൂട്ടറിന് പകരം ബുള്ളറ്റ് വാങ്ങാനായിരുന്നു അവളുടെ ആഗ്രഹം. കഴിഞ്ഞ ഡിസംബറില്‍ ഒരു വാഹനാപകടത്തില്‍ അവള്‍ക്ക് പരിക്കേറ്റിരുന്നെങ്കിലും അവധിയെടുക്കാതെ ഡ്യൂട്ടി തുടര്‍ന്നിരുന്നു. എല്ലാദിവസവും രാത്രി ഒൻപത് മണിക്ക് മകള്‍ എന്നെ വിളിക്കുന്നത് പതിവാണ്. ഇനി അവള്‍ ഒരിക്കലും എന്നെ വിളിക്കില്ല”, പിതാവ് വിതുമ്പി.