റിയാദ്: സഊദി അറേബ്യയിൽ തിങ്കളാഴ്ച മുതൽ മഴയ്ക്ക് സാധ്യത. സൗദിയുടെ പല ഭാഗങ്ങളിൽ വിവിധ തീവ്രതകളിൽ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അടുത്ത ആഴ്ച പകുതി വരെ മഴ തുടരുമെന്നാണ് അറിയിപ്പ്. ജിസാൻ, അസീർ, അൽ ബാഹ, മക്ക, തബൂക്ക്, മദീന എന്നിവിടങ്ങളിൽ മഴ ലഭിക്കും.
റിയാദിൻ്റെ വിവിധ ഭാഗങ്ങളിലും മഴയ്ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്. ജിസാൻ, അസീർ, അൽ ബാഹ, മക്ക എന്നിവിടങ്ങളിൽ കനത്ത മഴയ്ക്കുള്ള സാധ്യതയുമുണ്ട്. കനത്ത മഴക്കുള്ള സാധ്യത മുൻനിർത്തി ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങൾ, തടാകങ്ങൾ, വെള്ളക്കെട്ടു സാധ്യതാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് അകന്നു നിൽക്കണമെന്നു സിവിൽ ഡിഫൻസ് മുന്നറിയിപ്പു നൽകി.
അതേസമയം ഒമാനിലും വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദോഫാർ, ശർഖിയ, അൽ വുസ്ത ഉൾപ്പെടെയുള്ള ഗവർണറേറ്റുകളിൽ ശക്തമായ മഴക്കും കാറ്റിനുമാണ് സാധ്യത. കടൽപ്രക്ഷുബ്ധമാകുന്നതിനും മിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് ജാഗ്രതാ നിർദ്ദേശമുണ്ട്.





