ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണക്കുഴമ്പ്; സഊദിയിൽ നിന്ന് കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശി പിടിയിൽ

0
215
  • ഈ വർഷം ഇതുവരെ കസ്റ്റംസ് പിടിച്ചത് 130 കോടി രൂപയുടെ കള്ളക്കടത്ത്

കൊച്ചി: കൊച്ചി എയർപോർട്ടിൽ വന്നിറങ്ങിയ പ്രവാസിയുടെ കയ്യിൽ നിന്ന് ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണക്കുഴമ്പ് പിടികൂടി. ജിദ്ദയിൽ നിന്ന് ബെംഗളൂരു വഴി കൊച്ചിയിലെത്തിയ യാത്രക്കാരനായമലപ്പുറം സ്വദേശി കമറുദീന്റെ ബാഗിൽ നിന്നാണ് കൊച്ചി കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് വൻ സ്വർണ്ണം പിടികൂടിയത്. അറസ്റ്റിലായ മലപ്പുറം സ്വദേശി കമറുദീനെ (39) റിമാൻഡ് ചെയ്തു. ഇയാളുടെ ഇടപാടുകാരെ ചുറ്റിപ്പറ്റി അന്വേഷണം തുടരുകയാണ്.

പിടികൂടിയ സ്വർണം കലർന്ന കുഴമ്പ് കൊച്ചി കസ്റ്റംസ് ഹൗസ് കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന അളവിൽ സ്വർണ്ണം കണ്ടെത്തിയത്. ഇവിടെ നിന്ന് കുഴമ്പിൽ നിന്നും ഒരു കോടി രൂപ വിലമതിക്കുന്ന ഒരു കിലോഗ്രാം സ്വർണം വേർതിരിച്ചെടുത്തു.

ഈ വർഷം ഇത് വരെ75 കിലോഗ്രാം സ്വർണം

കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് ഈ വർഷം ഇതുവരെ റജിസ്റ്റർ ചെയ്ത 150–ാം സ്വർണ കള്ളക്കടത്ത് കേസാണിത്. 75 കിലോഗ്രാം സ്വർണം പിടിച്ചെടുത്ത ഈ കേസുകളിൽ 40 പ്രതികളെ അറസ്റ്റ് ചെയ്തു.

ഈ വർഷം ഇത് വരെ 130 കോടിയുടെ കള്ളക്കടത്ത്

9.50 കോടി രൂപ വിലമതിക്കുന്ന വിദേശനിർമിത സിഗററ്റുകളും 30 ലക്ഷം രൂപയുടെ വിദേശ കറൻസിയും 46 കോടി രൂപയുടെ ലഹരിവസ്തുക്കളും കോടികൾ വിലമതിക്കുന്ന വന്യജീവികളും കസ്റ്റംസ് പിടികൂടിയിരുന്നു. ഏകദേശം 130 കോടി രൂപ വിലമതിക്കുന്ന കള്ളക്കടത്തു മുതലാണു എയർ ഇന്റലിജൻസ് യൂണിറ്റ് പിടിച്ചെടുത്തത്. 18 ലഹരി പദാർഥ കേസുകളിലായി 100 കിലോ ഹൈബ്രിഡ് കഞ്ചാവും ഇവർ പിടികൂടി നശിപ്പിച്ചു. 60 ലക്ഷം വിദേശനിർമിത സിഗരറ്റുകൾ പിടികൂടി 24 കേസുകൾ റജിസ്റ്റർ ചെയ്തു.

ഫോട്ടോ: കൊച്ചി കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടിയ സ്വർണക്കുഴമ്പിൽ നിന്നു വേർതിരിച്ചെടുത്ത സ്വർണം.