ജെയ്നമ്മ കൊല്ലപ്പെട്ടത് സെബാസ്റ്റ്യന്റെ വീട്ടിൽ; രക്തക്കറയിൽ സ്ഥിരീകരണം, ഡിഎൻഎ ഫലം വഴിത്തിരിവാകുമോ?

0
201

ചേർത്തല: ഏറ്റുമാനൂർ സ്വദേശി ജെയ്നമ്മ (ജെയ്ൻ മാത്യു) കൊല്ലപ്പെട്ടിരിക്കാമെന്നു ക്രൈംബ്രാഞ്ചിന്റെ നിഗമനം. ജെയ്നമ്മ തിരോധാനക്കേസിലെ പ്രതിയായ പള്ളിപ്പുറം ചൊങ്ങുംതറയിൽ സി.എം.സെബാസ്റ്റ്യന്റെ വീട്ടിൽ വച്ചു കൊല്ലപ്പെട്ടതാകാമെന്നാണ് പൊലീസ് പറയുന്നത്. ജെയ്നമ്മയ്ക്കു പുറമേ കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭൻ (52), വാരനാട് സ്വദേശി റിട്ട.ഗവ ഉദ്യോഗസ്ഥ ഐഷ (57) എന്നിവരുടെ തിരോധാനത്തിലും സെബാസ്റ്റ്യൻ അന്വേഷണത്തെ നേരിടുകയാണ്.

സെബാസ്റ്റ്യന്റെ വീട്ടിൽ കോട്ടയം ക്രൈംബ്രാഞ്ച് വീണ്ടും പരിശോധന നടത്തി. മഹസർ തയാറാക്കാനും നേരത്തേ നടത്തിയ പരിശോധനകളുടെ വിശദാംശങ്ങൾ രേഖപ്പെടുത്താനുമായിരുന്നു ഇന്നലത്തെ നടപടി. ഈ വീട്ടുവളപ്പിൽ കണ്ടെത്തിയ മൃതദേഹഭാഗങ്ങളുടെ ഡിഎൻഎ പരിശോധനാ ഫലം അടുത്തയാഴ്ച ലഭിക്കുമെന്നാണു കരുതുന്നത്.

വീടിന്റെ സ്വീകരണമുറിയിലും ശുചിമുറിയിലും കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേതാണെന്നു സ്ഥിരീകരിച്ചിരുന്നു. മൃതദേഹഭാഗങ്ങളുടെ പരിശോധനാഫലവും സമാനമായാൽ ക്രൈംബ്രാഞ്ച് അടുത്ത നടപടികളിലേക്കു കടക്കും. അന്വേഷണച്ചുമതലയുള്ള ഡിവൈഎസ്പി സാജൻ സേവ്യറിന്റെ നേതൃത്വത്തിലാണ് ഇന്നലെ വീട്ടിനകത്തു വിശദമായ പരിശോധന നടത്തി മഹസർ തയാറാക്കിയത്. സെബാസ്റ്റ്യൻ പല ഘട്ടങ്ങളിലായി 3 ഫോണുകൾ ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. മൂന്നിന്റെയും കോൾ വിവരങ്ങൾ ശേഖരിച്ചു തുടങ്ങി.