എടിഎം കാർഡ് കൈമാറി, മ്യൂൾ അക്കൗണ്ട്; 21കാരി അറിയാതെ മറിഞ്ഞത് ലക്ഷങ്ങൾ

0
251

തിരുവനന്തപുരം: കാസര്‍കോട് സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിക്ക് മാസങ്ങള്‍ക്കു മുന്‍പ് ബെംഗളൂരു സൈബര്‍ പൊലീസില്‍നിന്ന് നോട്ടിസ് വന്നപ്പോഴാണ് അവര്‍ അറിയുന്നത് വലിയൊരു ഓണ്‍ലൈന്‍ തട്ടിപ്പു കേസില്‍ താന്‍ പ്രതിയാണെന്ന്.

ബന്ധുവായ സാജിതയെന്ന സ്ത്രീ ആവശ്യപ്പെട്ട പ്രകാരം ബാങ്ക് അക്കൗണ്ട് തുടങ്ങി അതിന്റെ വിവരങ്ങള്‍ എല്ലാം കൈമാറിയതാണ് യുവതിയെ കേസില്‍ കുടുക്കിയത്. തന്റെ അക്കൗണ്ടിലേക്കു പണം അയയ്ക്കാന്‍ കഴിയാത്തതിനാല്‍ ഒരു ബാങ്ക് അക്കൗണ്ട് ആരംഭിച്ചു തരാന്‍ കഴിയുമോ എന്നാണ് സാജിത ചോദിച്ചത്. അതു പ്രകാരം സാജിതയെ വിശ്വസിച്ചാണ് യുവതി അക്കൗണ്ട് തുടങ്ങി എടിഎം കാര്‍ഡും ഇന്റര്‍നെറ്റ് ബാങ്ക് വിവരങ്ങളും അക്കൗണ്ടുമായി ബന്ധപ്പെടുത്തിയ സിമ്മും കൈമാറിയത്.

എടിഎം കാര്‍ഡിന് ഇന്റര്‍നാഷനല്‍ അക്‌സസ് വേണമെന്ന് സാജിത പറഞ്ഞിരുന്നു. എന്നാല്‍ ഈ അക്കൗണ്ടു വഴി ലക്ഷക്കണക്കിനു രൂപയുടെ ഇടപാടുകള്‍ നടന്നുവെന്ന് ബെംഗളൂരു സൈബര്‍ പൊലീസ് നോട്ടിസ് വരുമ്പോഴാണ് യുവതി അറിയുന്നത്. ആകെ പരിഭ്രമിച്ച യുവതി പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനൊടുവില്‍ സൈബര്‍ പൊലീസ് സാജിതയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ദുബായില്‍നിന്നു മടങ്ങിയെത്തിയ സാജിതയെ മുംബൈയില്‍ വച്ചാണ് കാസര്‍കോട് പൊലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തത്.

ഇത്തരത്തില്‍ അറിഞ്ഞും അറിയാതെയും ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്കു (മ്യൂള്‍ അക്കൗണ്ട്) കൊടുത്തുള്ള തട്ടിപ്പുകള്‍ സംസ്ഥാനത്ത് ഏറുകയാണെന്നും ജാഗ്രത പാലിക്കണമെന്നുമാണ് പൊലീസ് പറയുന്നത്. മ്യൂള്‍ അക്കൗണ്ടുകള്‍ വഴി ഈ വര്‍ഷം സംസ്ഥാനത്ത് 223 കോടി രൂപയുടെ ഇടപാടുകള്‍ നടന്നുവെന്നാണ് കണ്ടെത്തല്‍. 14,189 അക്കൗണ്ടുകള്‍ വഴിയാണ് ഇത്രയും പണം കൈമാറ്റം ചെയ്തിരിക്കുന്നതെന്നാണ് സൈബര്‍ പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ഓണ്‍ലൈന്‍ തട്ടിപ്പുകളിലൂടെ സമാഹരിക്കുന്ന പണത്തിന്റെ കൈമാറ്റമാണ് ഇത്തരത്തില്‍ മ്യൂള്‍ അക്കൗണ്ടുകള്‍ വഴി നടത്തുന്നത്. മലപ്പുറത്തും എറണാകുളത്തുമാണ് മ്യൂള്‍ അക്കൗണ്ടുകള്‍ ഏറ്റവും കൂടുതല്‍ കണ്ടെത്തിയിരിക്കുന്നത്. എറണാകുളത്ത് 6107 മ്യൂള്‍ അക്കൗണ്ടുകളും മലപ്പുറത്ത് 2090 അക്കൗണ്ടുകളും കണ്ടെത്തി. ഈ അക്കൗണ്ടുകള്‍ യഥാര്‍ഥ ഉടമകളല്ല കൈകാര്യം ചെയ്യുന്നത്. സിബിഐയും ഇ.ഡിയും ഉള്‍പ്പെടെ വ്യാപകമായ അന്വേഷണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ നിന്നുള്‍പ്പെടെ പലരെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു.