അബുദാബി: സൈബർ തട്ടിപ്പിൽ പണം നഷ്ടപ്പെടുന്ന മലയാളികളുടെ എണ്ണം കൂടുന്നു. തിരുവനന്തപുരം, കൊല്ലം സ്വദേശികൾക്കാണ് ഏറ്റവും ഒടുവിൽ പണം നഷ്ടമായത്. ഓൺലൈൻ വഴി ഫോൺ ബിൽ അടയ്ക്കുന്നതിനിടെയാണ് കൊല്ലം സ്വദേശിക്ക് പണം നഷ്ടമായതെങ്കിൽ തിരുവനന്തപുരം സ്വദേശിയുടെ പേരിൽ ഓൺലൈനിൽ വ്യാജ പർച്ചേസ് ചെയ്താണ് പണം തട്ടിയെടുത്തത്. ഇരുവർക്കും കൂടി നഷ്ടമായത് 6.15 ലക്ഷം രൂപ ( 25,817 ദിർഹം)
യുഎഇയിലെ ടെലിഫോൺ സേവന ദാതാവായ ഡുവിന്റെ ബിൽ 120 ദിർഹം അടയ്ക്കാൻ ശ്രമിക്കവെയാണ് അബുദാബിയിൽ സംരംഭകനായ കൊല്ലം ഓച്ചിറ സ്വദേശിക്ക് പണം നഷ്ടമായത്. ഗൂഗിളിൽ ഡുവിന്റെ വെബ്സൈറ്റ് സേർച് ചെയ്ത് ലഭിച്ച ആദ്യ ലിങ്കിൽ പ്രവേശിച്ച് ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകി.
തുടർന്ന് ലഭിച്ച ഒടിപി ടൈപ്പ് ചെയ്തതോടെ ആദ്യം ഒരു ദിർഹവും പിന്നീട് 9817 ദിർഹവും നഷ്ടമായി. ഉടൻ ബാങ്കിൽ പരാതി നൽകിയെങ്കിലും ഒടിപി നൽകിയ ശേഷമുള്ള ഇടപാടിനു ബാങ്ക് ഉത്തരവാദിയല്ലെന്ന് ഇദ്ദേഹത്തെ അറിയിച്ചു. സമാന കേസിൽ മറ്റൊരാൾക്ക് 13,000 ദിർഹമാണ് നഷ്ടമായത്.അൽഐനിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയുടെ അക്കൗണ്ടിലെ 16,000 ദിർഹം 2 തവണയായാണ് തട്ടിപ്പുകാർ കൈക്കലാക്കിയത്.
ദുബായിൽ നിന്നായിരുന്നു വ്യാജ പർച്ചേസ്. പൊലീസിലും ബാങ്കിലും പരാതി നൽകി 2 മാസം പിന്നിട്ടിട്ടും ഇതുവരെ പണം തിരിച്ചുകിട്ടിയില്ലെന്ന് ഇദ്ദേഹം പറയുന്നു. നിരപരാധിത്വം തെളിയിച്ചിട്ടും ഗൂഗിൾ പേ ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറാനാണ് ബാങ്ക് ശ്രമിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു. തനിക്ക് ഗൂഗിൾ പേ ഇല്ലെന്നും അദ്ദേഹം പറയുന്നു. മറ്റൊരു കേസിൽ യുഎഇയിൽ ജോലി ചെയ്യുന്ന പാക്കിസ്ഥാൻ സ്വദേശിയുടെ പേരിൽ സൈപ്രസിൽനിന്ന് ഇടപാട് നടത്തി 16,000 ദിർഹം നഷ്ടപ്പെട്ടിരുന്നു.
പരാതിപ്പെടാൻ
ഫോൺ 800 2626
എസ്എംഎസ് 2828
aman@adpolice.gov.ae
ഓൺലൈൻ ഇടപാട് സുരക്ഷിതമാക്കാൻ
∙ സംശയാസ്പദ ലിങ്കുകളിലോ സെർച് എൻജിനുകളിലോ വരുന്ന വ്യാജ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്ത് വ്യക്തിഗത, ബാങ്ക് വിവരങ്ങൾ നൽകരുത്.
∙ ഓൺലൈൻ ഇടപാടുകൾക്കു മുൻപ് വെബ്സൈറ്റുകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കണം.
∙ സുരക്ഷിതമല്ലാത്ത ലിങ്കുകളിലോ വെബ്സൈറ്റുകളിലോ പ്രവേശിക്കരുത്
∙ ഇടപാടുകൾക്ക് സർക്കാർ സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ്, ആപ്ലിക്കേഷൻ എന്നിവ ഉപയോഗിക്കുക.
∙ ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ, ഓൺലൈൻ ബാങ്കിങ് രഹസ്യ കോഡുകൾ, എടിഎം പിഎൻ, സിവിവി നമ്പർ, സെക്യൂരിറ്റി കോഡ് തുടങ്ങിയവ അപരിചിതരുമായി പങ്കിടരുത്.
∙ തട്ടിപ്പിന് ഇരയായാൽ ബാങ്കിലും ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിലും ഉടൻ പരാതിപ്പെട്ട് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ബ്ലോക്ക് ചെയ്യുക.





