തൃശൂർ: വോട്ടർ പട്ടിക ക്രമക്കേട് സംബന്ധിച്ച വിവാദങ്ങൾക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് തൃശൂരിൽ എത്തും. തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന സുരേഷ് ഗോപി രാവിലെ ഒൻപതരയോടെ വന്ദേഭാരത് ട്രെയിനിലാകും തൃശൂരിലെത്തുക. റെയിൽവേ സ്റ്റേഷനിൽ സുരേഷ് ഗോപിക്ക് ബിജെപി സ്വീകരണം നൽകും. ഇന്ന് പൊലീസ് കമ്മിഷണൽ ഓഫിസിലേക്ക് ബിജെപി മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
വോട്ടര്‍പട്ടിക വിവാദത്തിലും കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയത്തിലും സുരേഷ് ഗോപിക്കെതിരെ വലിയ പ്രതിഷേധമാണ് യുഡിഎഫും എൽഡിഎഫും ഉയർത്തുന്നത്. വിഷയത്തിൽ ഇതുവരെ അദ്ദേഹം പ്രതികരിച്ചിട്ടില്ല. ഡൽഹിയിൽ ഇന്നലെയും മാധ്യമപ്രവർത്തകർ സുരേഷ് ഗോപിയോട് പ്രതികരണം ആരാഞ്ഞെങ്കിലും ഒന്നും മിണ്ടാതെ വാഹനത്തിൽ കയറുകയായിരുന്നു. ഇതോടെ ആരോപണങ്ങൾ സംബന്ധിച്ച് സുരേഷ് ഗോപി തൃശൂരിൽ പ്രതികരിക്കുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ ആകാംക്ഷ.
സുരേഷ് ഗോപിയുടെ രാജി ആവശ്യപ്പെട്ട് ചേരൂരിലെ അദ്ദേഹത്തിന്റെ ഓഫിസിലേക്ക് സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാത്രി നടത്തിയ മാർച്ച് സംഘർഷത്തിലാണ് കലാശിച്ചത്. മാര്‍ച്ചിനിടെ സിപിഎം പ്രവര്‍ത്തകന്‍ സുരേഷ് ഗോപിയുടെ ക്യാംപ് ഓഫിസ് ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ചു. ഈ സംഭവത്തില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് എത്തി.
ബിജെപി പ്രവര്‍ത്തകരെ തടയാനുള്ള പൊലീസ് ശ്രമം സംഘര്‍ഷത്തിലേക്ക് നീങ്ങുകയും പോലീസ് ലാത്തി പ്രയോഗിക്കുകയും ചെയ്തു. ബിജെപി ജില്ലാ അധ്യക്ഷന്‍ ജസ്റ്റിന്‍ സെബാസ്റ്റ്യനു തലയ്ക്കടിയേറ്റ് ആശുപത്രിയിലാണ്. ഇതിനുപിന്നാലെയാണ് പാർലമെന്റ് സമ്മേളനത്തിനിടെ സുരേഷ് ഗോപി തൃശൂരിൽ എത്തുന്നു എന്ന വാർത്ത പുറത്തുവരുന്നത്. മണ്ഡലത്തിലെത്തുന്ന സുരേഷ് ഗോപി ആശുപത്രിയിലെത്തി പരുക്കേറ്റ പ്രവർത്തകരെ കാണും.





