കൊച്ചി: ട്രെയിനിന്റെ വാതിൽക്കലിരുന്ന് യാത്ര ചെയ്യുന്നവരെ ഉത്തരേന്ത്യൻ മാതൃകയിൽ ആക്രമിച്ച് ഫോണും പണവും കവരുന്ന സംഘം അറസ്റ്റിൽ. എറണാകുളം, ആലുവ കേന്ദ്രീകരിച്ച് ഇത്തരത്തിൽ പിടിച്ചുപറി നടത്തുന്ന ആലുവ, പെരുമ്പാവൂർ, മലപ്പുറം സ്വദേശികൾ ഉൾപ്പെടെ ആറു പേരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം എറണാകുളത്തുനിന്നു ഷൊർണൂരിലേക്ക് പോയ മലബാർ എക്സ്പ്രസിന്റെ മുൻവശത്തെ ജനറൽ കോച്ചിന്റെ വാതിലിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന ചെറുപ്പക്കാരന്റെ കയ്യിൽ വടികൊണ്ട് അടിച്ച് ഒരു ലക്ഷം രൂപ വിലവരുന്ന ആപ്പിൾ ഐഫോൺ ഇവർ കൈവശപ്പെടുത്തിയിരുന്നു. അടിയുടെ ആഘാതത്തിൽ ട്രെയിനിൽ നിന്ന് വീണ ചെറുപ്പക്കാരന്റെ പോക്കറ്റിൽ നിന്ന് പണവും എയർപോഡും ഇവർ പിടിച്ചുപറിക്കുകയും ചെയ്തു.
തുടർന്ന് ആർപിഎഫ് നടത്തിയ അന്വേഷണത്തിലാണ് ആറംഗ സംഘം പിടിയിലാവുന്നത്. ആലുവ റെയിൽവേ സ്റ്റേഷന്റെ വടക്കേ അറ്റത്തുള്ള റോഡ് ഓവർ ബ്രിജ് കേന്ദ്രമാക്കിയാണ് ഇവരുടെ പ്രവർത്തനം. ഇവിടെക്കൂടി രാത്രികാലങ്ങളിൽ ട്രെയിനിന്റെ വാതിലിൽ ഇരുന്ന് യാത്ര ചെയ്യുന്നവരുടെ മൊബൈൽ ഫോണുകൾ തട്ടിയിടുന്നത് പതിവാക്കിയ സംഘമാണിത്.
ആലുവ അശോകപുരം സ്വദേശിയായ 17 വയസ്സുകാരനു പുറമെ, മലപ്പുറം ആലത്തൂർ പടി മേൽമുറി കണയംപിള്ളി വീട്ടിൽ കെ.എ.ആഷിക്(21), പെരുമ്പാവൂർ റയോൺ പടയാട്ടിൽ വീട്ടിൽ ജോസ് വിൻ എൽദോ (18), പെരുമ്പാവൂർ അല്ലപ്ര പുലവത്ത് വീട്ടിൽ സിറാജ് (26), കളമശേരി പെരിങ്കോട്ടു പറമ്പില്‍ മുഹമ്മദ് ഫസൽ (18), ആലുവ വാഴക്കുളം മലയിടംതുരുത്ത് കാമ്പായിക്കുടി ഷെഫിൻ (18) എന്നിവരെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.





