ഒൻപതാം ക്ലാസുകാരിയെ ലോഡ്ജിൽ വച്ച് പീഡിപ്പിച്ച് അമ്മയുടെ ആൺസുഹൃത്ത്; പോക്സോ കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

0
141

തളിപ്പറമ്പ്: ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. മാതമംഗലത്തെ ഓട്ടോ ഡ്രൈവർ കാനായി സ്വദേശി അനീഷ് (40) ആണ് പിടിയിലായത്. ജൂൺ നാലിനാണു കേസിനാസ്പദമായ സംഭവം.

പെൺകുട്ടിയുടെ മാതാവായ യുവതിയും അനീഷും നേരത്തേ സമൂഹ മാധ്യമത്തിലൂടെ പരിചയത്തിലായിരുന്നു. തുടർന്ന് അനീഷും യുവതിയും ഇവരുടെ മൂന്നു മക്കള്‍ക്കുമൊപ്പം പറശ്ശിനിക്കടവിൽ ലോഡ്ജിൽ മുറിയെടുത്തു താമസിച്ചു. പ്ലസ് ടു വിദ്യാർഥിനിയും ഒമ്പതാം ക്ലാസ് വിദ്യാർഥിനിയും ഇവരുടെ ഇളയ കുട്ടിയും ഒപ്പമുണ്ടായിരുന്നു. പുലർച്ചെ രണ്ടു മണിയോടെ ഒമ്പതിൽ പഠിക്കുന്ന പതിനാലുകാരിയെ അനീഷ് പീഡിപ്പിക്കുകയായിരുന്നു. ഇതു മൂത്ത കുട്ടി കാണുകയും അമ്മയോട് പറയുകയും ചെയ്തു. എന്നാൽ മാനക്കേടാകുമെന്ന് ഭയന്ന് അവർ ഇക്കാര്യം പുറത്തു പറഞ്ഞില്ല.

പിന്നീട് പീഡിപ്പിക്കപ്പെട്ട വിവരം പെൺകുട്ടി അധ്യാപികയോട് പറയുകയായിരുന്നു. തുടർന്ന് കൗൺസിലിങ് നടത്തിയ ശേഷം ചൈൽഡ് ലൈനിൽ അധ്യാപകർ അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ നൽകിയ പരാതിയിൽ മേൽപ്പറമ്പ് പൊലീസ് കേസെടുത്തു. സംഭവം നടന്നതു തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് ഇവിടേക്ക് മാറ്റി. ഇന്നു രാവിലെയാണ് മാതമംഗലത്ത് വച്ച് അനീഷിനെ പിടികൂടിയത്.