സാമൂഹിക അകലം ഒഴിവാക്കി സ്വഫ്ഫുകൾ അടുപ്പിച്ച് നിസ്‌കാരം, വിശുദ്ധ ഹറമിൽ നിന്ന് വിശ്വാസികൾക്ക് ആനന്ദക്കണ്ണീർ കാഴ്ചകൾ

0
5155

മക്ക: മാസങ്ങളുടെ ഇടവേളക്ക് ശേഷം വിശ്വാസികൾക്ക് മക്കയിൽ നിന്ന് കൺ കുളിർക്കുന്ന കാഴ്ചക. സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധന ഒഴിവാക്കിയതോടെ ഇന്ന് സുബ്ഹി നിസ്കാരം മുതൽ വിശ്വാസികൾ സ്വഫ്ഫുകൾ അടുപ്പിച്ചാണ് നിസ്‌കാരത്തിന് അണിനിരന്നത്. പ്രഭാത പ്രാർത്ഥനയ്ക്കുള്ള തയ്യാറെടുപ്പായി കഅ്ബയെയും ഇബ്രാഹിം മഖാമിനെയും ചുറ്റിപ്പറ്റിയുള്ള തടസ്സങ്ങൾ ഇന്നലെ രാത്രി തന്നെ പൂർണ്ണമായും നീക്കിയിരുന്നു. കൊവിഡ് വന്നതിനു ശേഷം ആദ്യമായാണ് ഇവിടെ നിന്ന് ഇത്തരത്തിലൊരു ആനന്ദ കാഴ്ച്ച പുറത്ത് വരുന്നത്. ഇന്ന് മുതൽ ഹറമിൽ പൂർണ്ണ ശേഷിയിലും തീർത്ഥാടകർ എത്തും.

ഇമാം സ്വഫ്ഫുകൾ ശരിയാക്കാനായി ആഹ്വാനം ചെയ്ത് കൊണ്ട് പറയുന്ന “ഇസ്തവൂ.. ഇഅതദിലൂ… അഖീമൂ സ്വുഫൂഫക്കും…. വ സ്വദ്ദുൽ ഖലാൽ…. തറാസ്വൂ..” എന്ന വാക്കുകൾ ഇന്ന് ഫജ്ർ നമസ്ക്കാരത്തിനു മുമ്പ് പറഞ്ഞപ്പോൾ ഒന്നര വർഷത്തിനു ശേഷം അകലം പാലിക്കാതെ ചേർന്ന് നിന്ന് കൊണ്ട് ഹറമിൽ നമസ്ക്കരിക്കാനായതിന്റെ സായൂജ്യത്തിലായിരുന്നു വിശ്വാസികൾ.

ഒക്ടോബർ 17 ഞായറാഴ്ച മുതൽ ആരോഗ്യ മുൻകരുതലുകൾ ലഘൂകരിക്കുന്നതിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം പ്രസ്താവന ഇറക്കിയതിന് പിന്നാലെ ഇത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇരു ഹറമുകളിലും തീർത്ഥാടകരെയും ആരാധകരെയും സന്ദർശകരെയും പൂർണ്ണ ശേഷിയിൽ പ്രവേശിപ്പിക്കാൻ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുന്നതിന് ഇരു ഹറം കാര്യാലയ വകുപ്പ് നടപടികൾ സ്വീകരിച്ചിരുന്നു.



മക്കയിലെ മസ്ജിദുൽ ഹറാം മദീനയിലെ പ്രവാചകന്റെ പള്ളിയുടെയും ജനറൽ പ്രസിഡൻസി വിശുദ്ധ പള്ളിയിലെ പല സ്ഥലങ്ങളിലെയും നേരത്തെ നിസ്കാരത്തിനു സാമൂഹിക അകലം പാലിക്കാൻ അടയാളപ്പെടുത്തി ഒട്ടിച്ചിരുന്ന സ്റ്റിക്കറുകൾ നീക്കം ചെയ്തു. സാമൂഹിക അകലം ഒഴിവാക്കുമെങ്കിലും എല്ലാവരും മാസ്ക് ധരിക്കണമെന്ന് നിർബന്ധമുണ്ട്. ഇന്ന് മുതൽപ്രാർത്ഥനയിൽ 2.5 ദശലക്ഷത്തിലധികം ആരാധകർ എത്തുന്ന ഹറം പള്ളിയുടെ മുഴുവൻ ശേഷിയും പ്രവർത്തനക്ഷമമാകും എന്നത് ശ്രദ്ധേയമാണ്. ഒന്നര വർഷത്തിന് ശേഷമാണ് പഴയ പടിയിലേക്ക് ഹറമുകൾ എത്തുന്നത്.

മദീനയിലും പള്ളിയുടെ മുഴുവൻ ശേഷിയിലും വിശ്വാസികളെ അനുവദിക്കും. എങ്കിലും ഉംറ, റൗദ സന്ദർശനം, റൗദ പ്രാർത്ഥന എന്നിവക്ക് ഇഅതമർന/ തവക്കൽന ആപ്പുകളിലൂടെ അപ്പോയിന്റ്റ്മെന്റ് എടുക്കണം. ഇന്ന് മുതൽ അടച്ചിട്ട സ്ഥലങ്ങളിൽ ഒഴികെ മാസ്ക് നിർബന്ധമില്ലെന്ന് സഊദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം സാമൂഹിക അകലം പാലിക്കാനുള്ള നടപടികൾ ഒഴിവാക്കാനും തീരുമാനമുണ്ട്.

വീഡിയോ👇