- ‘ഉമ്മ ഞാൻ മരിക്കുകയാണ്, അല്ലെങ്കിൽ ഇവർ കൊല്ലും’, അസ്സലാമു അലൈക്കും; അവസാന സന്ദേശം
തൃശ്ശൂർ: തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ. കാരുമാത്ര സ്വദേശിനി ഫസീലയെ (23) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് നൗഫലിനെ (29) കസ്റ്റഡിയിലെടുത്തു. ഭർതൃപീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് വിവരം. ഇന്നലെ ഭർതൃവീട്ടിലെ ടെറസിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മരിക്കുന്നതിന് മുമ്പ് യുവതി മാതാവിന് അയച്ച വാട്സ്ആപ്പ് മെസ്സേജ് പുറത്ത് വന്നിട്ടുണ്ട്. ‘ഉമ്മ ഞാൻ മരിക്കുകയാണ്, അല്ലെങ്കിൽ ഇവർ കൊല്ലും’ എന്ന് മാതാവിന് അയച്ച സന്ദേശത്തിൽ പറയുന്നു. മർദനത്തിൽ തന്റെ കൈ ഒടിച്ചുവെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. കൂടാതെ ഭർതൃമാതാവ് അസഭ്യം പറഞ്ഞതായും മാതാവിന് അയച്ച സന്ദേശത്തിൽ പറയുന്നു. ഇവർക്ക് പത്ത് മാസം പ്രായമുള്ള കുഞ്ഞുണ്ട്.
ഭർത്താവ് ക്രൂരമായി ഉപദ്രവിക്കുകയും ഇതിനെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നുമാണ് പൊലീസ് നിഗമനം. ഭർത്താവ് നൗഫലിനെ ചോദ്യം ചെയ്ത് വരികയാണ്.
ഒന്നര വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. കാർഡ് ബോർഡ് കമ്പനിയിലെ ജീവനക്കാരനാണ് നൗഫൽ. ദമ്പതികൾക്ക് ഒരു കുഞ്ഞുണ്ട്. ഫസീല രണ്ടാമത് ഗർഭിണിയായിരുന്നു. ഒരുപാട് നാളായി ഭർത്താവ് ദേഹോപദ്രവം ചെയ്യുന്നുണ്ടെന്ന് യുവതി ഉമ്മയ്ക്ക് വാട്സ്അപ് സന്ദേശം അയച്ചിരുന്നു. യുവതിയുടെ മരണത്തിൽ ഗാർഹിക പീഡന ആരോപണം ബന്ധുക്കൾ ഉന്നയിക്കുന്നുണ്ട്.
ഗർഭിണിയായിരുന്ന സമയത്ത് നൗഫൽ ഫസീലയെ ചവിട്ടിയിരുന്നു. രണ്ടാമത് ഗർഭിണിയായത് അറിഞ്ഞതിന് പിന്നാലെയാണ് ഇയാൾ യുവതിയെ ക്രൂരമായി മർദിച്ചിരുന്നതെന്ന് ഫസീലയുടെ മാതൃ സഹോദരൻ നൗഷാദ് പറഞ്ഞു.





