കോഴിക്കോട്: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സഊദി എയർലയൻസ് വീണ്ടും കരിപ്പൂരിലേക്ക് എത്തുന്നു. പുതിയ വിമാന സർവ്വീസ് ഒക്ടോബർ 28 മുതൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. മലബാർ ഡെവലപ്പ്മെന്റ് ഫോറം ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.
സഊദി എയർ കരിപ്പൂരിലേക്ക് എത്തുന്നതിനു മുന്നോടിയായി റിയാദ് – ജിദ്ദ – കോഴിക്കോട് സർവ്വീസിനായുള്ള – സ്ലോട്ട്, എയർപ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം അപ്രൂവ് ചെയ്തിട്ടുണ്ട്.
ബൈലാട്രൽ കരാറനുസരിച്ചുള്ള സീറ്റുകളും മറ്റു ക്രമീകരണങ്ങളും ഡി.ജി.സി.എ.യുടെ അനുമതിയും രണ്ടു ദിവസങ്ങൾക്കകം ലഭ്യമാകും. ഇത് സാധാരണ നടപടിക്രമങ്ങൾമാത്രമാണ്. അതിനാൽ തന്നെ ഈ നടപടിക്രമങ്ങൾ മറ്റു തടസങ്ങൾ ഇല്ലാതെ തന്നെ ലഭ്യമാകും എന്നാണ് വിലയിരുത്തൽ. വലിയ വിമാന സർവീസിനാണ് സഊദി എയർലൈൻസിന് താല്പര്യം. എന്നാൽ, നിലവിലെ സാഹചര്യത്തിൽ അത് അപ്രയോഗികമായതിനാൽ നിലവിൽ ചെറിയ വിമാനങ്ങൾ ഉപയോഗിച്ചായിരിക്കും സർവ്വീസ് നടത്തുക.
നിലവിൽ നടന്നു കൊണ്ടിരിക്കുന്ന രിസയുടെ നിർമ്മാണം പൂർത്തീകരിക്കുന്നത് വരെ 180 യാത്രക്കാരെ കയറ്റാവുന്ന കോഡ് (സി) വിമാനം ഉപയോഗിച്ച് ആയിരിക്കും സർവ്വീസ് ആരംഭിക്കുന്നത്. വലിയ വിമാന സർവീസ് ആരംഭിക്കുന്നത് വരെ കോഡ് (സി) യിൽ പെട്ട വിമാനങ്ങളുമായി സർവീസ് ആരംഭിക്കണമെന്ന ആവശ്യം അംഗീകരിച്ചത് താൽ ക്കാലിക ആശ്വാസമാണെന്ന് മലബാർ ഡെവലപ്പ്മെന്റ് പറഞ്ഞു.
കരിപ്പൂരിലെ വൈഡ് ബോഡി വിമാന സർവ്വീസ് ആരംഭിക്കുന്നത് വരെ അതിന് പിന്നാലെ തന്നെ ഉണ്ടാകുമെന്നും പ്രവർത്തനം ശക്തമായി തുടരുമെന്നും മലബാർ ഡവലപ്പ്മെന്റ് ഫോറം പ്രസിഡന്റ് കെ.എം.ബഷീർ അറിയിച്ചു.





