ആലപ്പുഴ: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢിൽ മലയാളികളായ രണ്ടു കന്യാസ്ത്രീകളെ അറസ്റ്റുചെയ്തു. സിറോ മലബാർ സഭയുടെ കീഴിൽ ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസസഭയിലെ സിസ്റ്റർമാരായ വന്ദന, പ്രീതി എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ചയാണു സംഭവം. അങ്കമാലി, കണ്ണൂർ സ്വദേശിനികളായ ഇവർ റിമാൻഡിലാണ്.
ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഇവർ ഗാർഹിക ജോലികൾക്കായി മൂന്നു പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി ദുർഗ് റെയിൽവേ സ്റ്റേഷനിൽ ചെന്നതാണ്. ഒരു പെൺകുട്ടിയുടെ സഹോദരനും കൂടെയുണ്ടായിരുന്നു. ഒരു സംഘമാളുകൾ ഇവരെ തടഞ്ഞുവെക്കുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. ഒരു പെൺകുട്ടി തന്റെ സമ്മതമില്ലാതെയാണ് ജോലിക്കു കൊണ്ടുവന്നതെന്നു മൊഴി നൽകിയതോടെ സ്ഥിതി വഷളായി. പെൺകുട്ടികൾ ആധാർ കാർഡുകൾ കരുതിയിരുന്നില്ല.





