ദുബായ്: ദുബായുടെ ജനപ്രിയനായകന്റെ ലാളിത്യവും എളിമയും വീണ്ടും സംസാരവിഷയമാകുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദീർഘവീക്ഷണമുള്ള ഭരണാധികാരി എന്ന നിലയിൽ മാത്രമല്ല, ജനങ്ങളുമായുള്ള ആത്മാർഥമായ ബന്ധത്തിലൂടെയും ശ്രദ്ധേയനാണ്.
ഇന്നലെ ദുബായിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ച അദ്ദേഹം പൊതുജനങ്ങളുമായി കുശലം പറഞ്ഞാണ് നഗരവീഥികളിലൂടെ പോലും കടന്നുപോയത്. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുമ്പോഴും കുട്ടികളോട് സ്നേഹത്തോടെ സംസാരിക്കുമ്പോഴുമെല്ലാം അദ്ദേഹത്തിന്റെ ഇടപെടലുകൾ ദയയിലും ബഹുമാനത്തിലും അധിഷ്ഠിതമായ അപൂർവ നേതൃത്വത്തിന്റെ പ്രതിഫലനമാണ്. ഇന്നലെ ദെയ്റയിലെ തിരക്കേറിയ തെരുവുകളിലൂടെ ഷെയ്ഖ് മുഹമ്മദിന്റെ വാഹനം കടന്നുപോയപ്പോൾ ജനങ്ങൾ ആവേശത്തിലായിരുന്നു.
അദ്ദേഹത്തെ ഒരു നോക്ക് കാണാൻ കടകളിൽ നിന്നും ആളുകൾ പുറത്തിറങ്ങി നടപ്പാതകളിൽ തടിച്ചുകൂടി. അൽ ഹംറിയ തുറമുഖത്തെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായാണ് അദ്ദേഹം അവിടേക്ക് പോയത്. ഈ അവിസ്മരണീയ നിമിഷങ്ങൾ പലരും ഫോണിലൂടെ പകർത്താൻ മത്സരിച്ചു. വൈകിട്ട് ഷെയ്ഖ് മുഹമ്മദ് അൽ ഹംറിയ തുറമുഖത്തെ ഡിപി വേൾഡ് സന്ദർശിച്ചു.
ഇവിടെ ഒരു വലിയ വികസന പദ്ധതിക്ക് അദ്ദേഹം അംഗീകാരം നൽകിയിരുന്നു. വലിയ കപ്പലുകൾക്ക് അടുക്കാൻ കഴിയുന്ന തരത്തിൽ 12 മീറ്റർ ആഴമുള്ള 700 മീറ്റർ നീളമുള്ള ഒരു പുതിയ ക്വേയുടെ നിർമാണമാണ് ഇതിൽ ഉൾപ്പെടുന്നത്. ഇത് തുറമുഖത്തിന്റെ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി വർധിപ്പിക്കും. 2024ൽ തുറമുഖത്ത് നടന്ന വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണിത്, അന്ന് 1,150 മീറ്റർ ക്വേയുടെ നീളവും ബെർത്തിങ് ശേഷിയും വർധിപ്പിച്ചിരുന്നു.
മറ്റൊരു സന്ദർഭത്തിൽ മാൾ ഓഫ് എമിറേറ്റ്സിലൂടെ നടന്നുപോകുന്ന ഷെയ്ഖ് മുഹമ്മദിനെ കണ്ടു. അവിടെ ഒരു ചോക്ലേറ്റ് കടയിൽ നിന്ന് അദ്ദേഹം പുറത്തിറങ്ങി. അതേ ദിവസം തന്നെ കൊടുംചൂടിനെ വകവയ്ക്കാതെ അദ്ദേഹം തിരക്കേറിയ ദെയ്റ മാർക്കറ്റിലും സന്ദർശനം നടത്തി.
ലോക നേതാക്കളിൽ ഭൂരിഭാഗവും കനത്ത സുരക്ഷാ അകമ്പടിയില്ലാതെ പുറത്തിറങ്ങാറില്ലെങ്കിലും യുഎഇ വൈസ് പ്രസിഡന്റ് ജനങ്ങൾക്കിടയിൽ സ്വതന്ത്രമായി നടക്കുന്നത് അദ്ദേഹത്തിന്റെ എളിമ മാത്രമല്ല, യുഎഇ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി തുടരുന്നതിന് ഉദാഹരണം കൂടിയാണ്. ആഴ്ചയുടെ തുടക്കത്തിൽ യാത്രക്കാർക്കൊപ്പം ട്രാം യാത്ര ചെയ്യുന്ന ഷെയ്ഖ് മുഹമ്മദിനെയും കണ്ടിരുന്നു.
ആവേശഭരിതരായ യാത്രക്കാർ അദ്ദേഹത്തെ പെട്ടെന്ന് തിരിച്ചറിയുകയും ആകാംക്ഷയോടെ ആ അപൂർവ നിമിഷം ഫോണുകളിൽ പകർത്തുകയും ചെയ്തു. ദുബായ് മാളിലെ അദ്ദേഹത്തിന്റെ ഇഷ്ട സ്ഥലങ്ങളിലൊന്നായ സിപ്രിയാനി കഫേയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അദ്ദേഹം താമസക്കാരെ അഭിവാദ്യം ചെയ്യാനും ചെറിയ സംഭാഷണങ്ങൾ നടത്താനും സമയം കണ്ടെത്തി.
കുട്ടികളെ അടുത്തു വിളിച്ച് ഫോട്ടോകൾ എടുക്കുകയും അവരുടെ തലയിൽ സ്നേഹത്തോടെ കൈ വയ്ക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രവൃത്തി ഏറെ ഹൃദയസ്പർശിയായിരുന്നു. ദുബായിലെ ജനങ്ങളുമായുള്ള ബന്ധത്തിലൂടെയും എളിമയിലൂടെയും ലോകമെമ്പാടും ഷെയ്ഖ് മുഹമ്മദ് പ്രശംസിക്കപ്പെടുന്നു. തെരുവിൽ ജനങ്ങളെ കണ്ടുമുട്ടുമ്പോഴോ ഹൃദയസ്പർശിയായ കഥകളോട് ഉദാരമായി പ്രതികരിക്കുമ്പോഴോ ആകട്ടെ, അദ്ദേഹത്തിന്റെ പ്രവൃത്തികൾ അനുകമ്പയിൽ അധിഷ്ഠിതമായ ഒരു നേതൃത്വത്തെയാണ് എന്നും ഓർമിപ്പിക്കുന്നത്.





