കർണാടകയിൽ യുപിഐ ഇടപാട് നിർത്തി വ്യാപാരികൾ; ബന്ദിനും ആഹ്വാനം

0
172

യുപിഐ വഴി പണം സ്വീകരിക്കുന്നത് നിർത്തി കർണാടകയിൽ ഒരുവിഭാഗം വ്യാപാരികൾ. നിലവിൽ കറൻസി മാത്രമാണ് ഉപഭോക്താക്കളിൽ നിന്ന് വാങ്ങുന്നത്. കർണാടക സംസ്ഥാന വാണിജ്യനികുതി വകുപ്പ് 13,000ഓളം ചെറുകിട വ്യാപാരികൾക്ക് നോട്ടിസ് അയച്ചതിനു പിന്നാലെയാണ് യുപിഐ ബഹിഷ്കരണം. പലരും കടകളിൽ‌ ‘യുപിഐ ഇല്ല’ എന്ന ബോർഡുകൾ സ്ഥാപിച്ചു.

ഒരു സാമ്പത്തികവർഷം 40 ലക്ഷം രൂപയിലധികം വിറ്റുവരവുള്ളവർ ജിഎസ്ടി റജിസ്ട്രേഷൻ എടുക്കണമെന്നാണ് ചട്ടം. നിരവധി വ്യാപാരികളുടെ യുപിഐ ഇടപാടുകൾ പരിശോധിച്ചപ്പോൾ വിറ്റുവരവ് ഇതിലുമധികമാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് വിശദീകരണം തേടി നോട്ടിസ് അയച്ചത്. യുപിഐ സേവനദാതാക്കളിൽ നിന്ന് 2021-22 മുതൽ 2024-25 വരെയുള്ള ഇടപാടുകണക്കുകളാണ് വാണിജ്യനികുതി വകുപ്പ് ശേഖരിച്ചത്. വിറ്റുവരവ് പരിധി 40 ലക്ഷം രൂപ കടന്ന 14,000 വ്യാപാരികളെ വകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന.