മമ്മൂട്ടി കമ്പനി വിളിച്ചു, ഏറെ മലയാളി ആരാധകരുള്ള ഖാലിദ് അൽ അമേറി മലയാള സിനിമയിലേക്ക്

0
327

ദുബായ്: ഏറെ മലയാളി ആരാധകരുള്ള യുഎഇയിലെ സമൂഹമാധ്യമ താരവും ഇൻഫ്ലുവൻസറുമായ ഖാലിദ് അൽ അമേറി മലയാള സിനിമയിൽ നടനായി അരങ്ങേറ്റം കുറിക്കുന്നു. ‘ചത്ത പച്ച: ദ് റിങ് ഓഫ് റൗഡീസ്’ എന്ന ചിത്രത്തിൽ അതിഥിവേഷത്തിലൂടെയാണ് ഖാലിദ് മലയാള സിനിമാ ലോകത്തേയ്ക്ക് എത്തുന്നത്. ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ഡബ്ല്യുഡബ്ല്യുഇ ശൈലിയിലുള്ള ആക്ഷൻ ഡ്രാമ ചിത്രത്തിലാണ് അദ്ദേഹത്തെ കാണുക. 

ഹൃദയസ്പർശിയായ കഥപറച്ചിലുകളിലൂടെയും ജീവിതത്തിലെ നർമ മുഹൂർത്തങ്ങളിലൂടെയും വിവിധ സംസ്കാരങ്ങളെ കോർത്തിണക്കിയുള്ള സംഭാഷണങ്ങളിലൂടെയും ലോകത്തെങ്ങും ദശലക്ഷക്കണക്കിന് ആരാധകരെ നേടിയ ഖാലിദ് ജിസിസിയിലെ ഏറ്റവും പ്രിയപ്പെട്ട ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാരിൽ ഒരാളാണ്. തന്റെ ഉള്ളടക്കത്തിൽ എപ്പോഴും ആധികാരികതയും സ്വാധീനവും നിലനിർത്തുന്ന അദ്ദേഹം മലയാളി സമൂഹമാധ്യമ താരങ്ങളോടൊപ്പം ഇടയ്ക്ക് റീൽസിലും പ്രത്യക്ഷപ്പെടാറുണ്ട്. 

നേരത്തെ ഒട്ടേറെ തവണ കേരളം സന്ദർശിച്ചിട്ടുള്ള ഇദ്ദേഹം മലയാളികളുമായി അടുത്ത സൗഹൃദം പുലർത്തുന്നു. അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ‘ചത്ത പച്ച’യിൽ ഖാലിദ് അതിഥി വേഷത്തിലാണ് എത്തുന്നതെങ്കിലും കഥാപാത്രം ശക്തമായിരിക്കുമെന്നാണ് റിപ്പോർട്ട്. റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷിഹാൻ ഷൗക്കത്ത്, റിതേഷ് എസ്. രാമകൃഷ്ണൻ എന്നിവരും മമ്മൂട്ടി കമ്പനിയും ചേർന്നാണ് നിർമാണം. 

അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. അണ്ടർഗ്രൗണ്ട് റെസ്‌ലിങ്, കുടുംബ വഴക്കുകൾ, തീരദേശ പശ്ചാത്തലം എന്നിവയെല്ലാം കോർത്തിണക്കിയ ഒരു റിയലിസ്റ്റിക് ആക്ഷൻ ഡ്രാമയായിരിക്കും ഈ ചിത്രം. ബോളിവുഡ് സംഗീതജ്ഞരായ ശങ്കർ-എഹ്സാൻ-ലോയ് ടീമാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.

മുജീബ് മജീദ് പശ്ചാത്തല സംഗീതം നിർവഹിക്കുന്നു. ഛായാഗ്രാഹകൻ- ആനന്ദ് സി. ചന്ദ്രൻ. കലാസംവിധാനം- കിങ്സൺ. സ്റ്റണ്ട് കൊറിയോഗ്രഫിയും പ്രവീൺ പ്രഭാകർ എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. അതേസമയം, ‘ചത്ത പച്ച’യുടെ ജിസിസി, വിദേശ തിയറ്റർ റൈറ്റുകൾ ദുബായ് ആസ്ഥാനമായുള്ള പ്രമുഖ ഡിസ്ട്രിബ്യൂട്ടർമാരായ ‘ദ് പ്ലോട്ട് പിക്ചേഴ്സ്’ റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി.