നോയിഡ: കൗമാരക്കാരിയായ മകളുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു പരാതി നൽകിയ അമ്മയ്ക്കുനേരെ കത്തി കൊണ്ടുള്ള ആക്രമണം. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമണം.
നോയിഡയിലെ സെക്ടർ രണ്ടിൽ ബൈക്കിലെത്തിയ അജ്ഞാതരാണ് ആക്രമിച്ചത്. സെക്ടർ 10ൽ താമസിക്കുന്ന ഗീതയ്ക്കു (42) നേരെ ബുധനാഴ്ച വൈകുന്നേരമാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗീതയ്ക്ക് 27 സ്റ്റിച്ചുകൾ ഇട്ടു.
ജോലി കഴിഞ്ഞു വീട്ടിലേക്കു വരുമ്പോഴായിരുന്നു ഗീതയ്ക്കു നേരെ ആക്രമണം ഉണ്ടായത്. ‘‘അക്രമികൾ ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നു. പിന്നിൽ ഇരുന്നയാളാണ് എന്നെ പലവട്ടം ആക്രമിച്ചത്. മരിച്ചുവെന്നു കരുതിയാണ് അവർ സ്ഥലംവിട്ടത്. പിന്നീട് ബന്ധുക്കളെയും പൊലീസിനെയും വിളിച്ചുവരുത്തുകയായിരുന്നു’’ – എഫ്ഐആറിൽ ഗീത പറഞ്ഞു. ഇടതു കവിളിൽ 11 സ്റ്റിച്ചും വലതു കവിളിൽ 5 സ്റ്റിച്ചും ഇട്ടിട്ടുണ്ടെന്ന് ഗീതയുടെ പരാതിയിൽ പറയുന്നു. വലതു കൈയിൽ 11 സ്റ്റിച്ചും ഉണ്ട്. ഫേസ് 1 പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ചയാണ് പരാതി നൽകിയത്.
2023 ഒക്ടോബർ ഒൻപതിന് 17 വയസ്സുള്ള മകളെ വരുൺ കഴുത്തു ഞെരിച്ചുകൊലപ്പെടുത്തിയെന്നാണ് ഗീതയുടെ ആരോപണം. സ്വന്തം മുറിയിൽ മരിച്ചുകിടക്കുന്ന തരത്തിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അയൽവാസിയായ വരുൺ എന്നയാൾ സ്ഥലത്തുനിന്നു പോകുന്നതും കണ്ടെത്തിയിരുന്നു. വരുൺ (വീരു) ഉൾപ്പെടെ ഒൻപതുപേർക്കെതിരെ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന പരാതിയാണ് ഗീത നൽകിയിരിക്കുന്നത്.
അന്ന് ആത്മഹത്യാപ്രേരണയ്ക്ക് വരുണിനെതിരെ കേസെടുത്തപ്പോൾ അതു കൊലപാതകമാണെന്ന നിലപാടിൽ ഗീത ഉറച്ചുനിൽക്കുകയായിരുന്നു. അന്നുമുതൽ വരുണിന്റെ കുടുംബാംഗങ്ങൾ ഭീഷണിപ്പെടുത്തുകയാണെന്ന് ഗീത പരാതിയിൽ പറയുന്നു. 2023ലും 2024ലും വരുണിന് ജാമ്യം നിഷേധിച്ചെങ്കിലും ഈ ഏപ്രിലിൽ അലഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.





