പോലീസുകാരന്റെ തലയില്‍ ചുടുകട്ടകൊണ്ട് അടിച്ചു; പ്രതി അറസ്റ്റില്‍

0
211

പൂന്തുറ: ഡ്യൂട്ടിക്കിടെ പോലീസുകാരന്റെ തലയില്‍ ചുടുകട്ടകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച പ്രതിയെ അറസ്റ്റുചെയ്തു. വിഴിഞ്ഞം കോസ്റ്റല്‍ പോലീസിലെ സീനിയര്‍ സി.പി.ഒ ആലപ്പുഴ കാര്‍ത്തികപളളി ഗുളികശ്ശേരി വീട്ടില്‍ ബിനുവിനെ(46) ആണ് ആക്രമിച്ചത്.

സംഭവത്തില്‍ പൂന്തുറ ആലുകാട് മദര്‍ തെരേസ കോളനി സ്വദേശി ജോസിനെ (30) ആണ് പൂന്തുറ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ഒന്‍പതിന് ഉച്ചയ്ക്ക് 12.30-ഓടെ തിരുവല്ലം ഇടയാര്‍ ഫാത്തിമ മാത പളളിയ്ക്ക് സമീപമായിരുന്നു സംഭവം.

കഴിഞ്ഞ ഓഗസ്റ്റ് 11-ന് പളളിവളപ്പിലുണ്ടായിരുന്ന കാണിക്കവഞ്ചി പൊളിച്ച് പണം കവരാന്‍ ശ്രമിച്ചതിന് കേസില്‍പ്പെട്ടിരുന്ന ആളായിരുന്നു പ്രതിയായ ജോസ്. അന്ന് ഇയാളെ തടയുകയും പോലീസില്‍ പിടിച്ചേല്‍പ്പിക്കുകയും ചെയ്തത് ഡ്യൂട്ടിയിലുണ്ടായിരുന്ന ബിനുവായിരുന്നു. കഴിഞ്ഞ ബുധനാഴ്ച ജോസ് വീണ്ടും പളളിവളപ്പിലെത്തിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ബിനു ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ സമീപത്തുണ്ടായിരുന്ന ചുടുകട്ടയെടുത്ത് ബിനുവിന്റെ തലയില്‍ അടിച്ചുപൊട്ടിക്കുകയായിരുന്നുവെന്ന് പൂന്തുറ എസ്.ഐ. വി.സുനില്‍ പറഞ്ഞു.

പോലീസുകാരന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും ആക്രമിച്ചതിനും പ്രതിക്കെതിരേ വധശ്രമത്തിന് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.