സഊദി എയര്‍ലൈന്‍സ്, ആകാശ എയര്‍ വിമാനക്കമ്പനികള്‍ കോഴിക്കോട്ടേക്ക് സര്‍വീസ് തുടങ്ങുന്നു

കോഴിക്കോട്: സൗദി എയര്‍ലൈന്‍സ്, ആകാശ എയര്‍ വിമാനക്കമ്പനികള്‍ കോഴിക്കോട് വിമാനത്താവളത്തിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. നേരത്തെ കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തിയിരുന്ന സൗദി എയര്‍ലൈന്‍സ് 2020 മുതലാണ് സര്‍വീസ് നിര്‍ത്തിവെച്ചത്.

ചെറിയ വിമാനങ്ങളുടെ ‘സി’ ശ്രേണിയില്‍പ്പെട്ട എയര്‍ബസ് 321 നിയോ വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക. കോഴിക്കോട് ജിദ്ദ സെക്ടറിലായിരിക്കും ആദ്യ സര്‍വീസ് എന്നാണു വിവരം. നേരത്തേ, 2024 ഓഗസ്റ്റില്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് സാങ്കേതിക കുരുക്കുകളാല്‍ നീളുകയായിരുന്നു.

ഇന്ത്യന്‍ വിമാനക്കമ്പനിയായ ആകാശ എയര്‍ വിമാനവും കരിപ്പൂര്‍ കേന്ദ്രീകരിച്ചു സര്‍വീസ് നടത്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് എയര്‍പോര്‍ട്ട് ഉപദേശക സമിതി കോചെയര്‍മാന്‍ എം.കെ.രാഘവന്‍ എംപി അറിയിച്ചു. സൗദി, കുവൈത്ത്, യുഎഇ തുടങ്ങി വിവിധ ഗള്‍ഫ് നാടുകളിലേക്കു ആകാശ എയര്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്. ആകാശ എയറും ഈ വര്‍ഷം ഒക്ടോബറില്‍ സര്‍വീസ് ആരംഭിച്ചേക്കും.