മുരളീധരന് ജ്യോതി മല്‍ഹോത്രയെ അറിയാം, എത്ര മറച്ചു വയ്ക്കാന്‍ ശ്രമിച്ചാലും സത്യം പുറത്ത് വരും: സന്ദീപ് വാര്യർ

പാലക്കാട്: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ചാരവൃത്തിക്ക് പിടിയിലായ ജ്യോതി മല്‍ഹോത്ര വന്ദേഭാരത് ഉദ്ഘാടനത്തിന് എത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് ജി വാര്യര്‍. ജ്യോതിയുടെ വരവില്‍ മറുപടി പറയേണ്ടത് ബിജെപി നേതാവ് വി മുരളീധരനാണെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് ജ്യോതി മല്‍ഹോത്രയെ കേരളത്തിലെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന് വേണ്ടി മാത്രം വിമാനത്താവളം പോലുമില്ലാത്ത കാസര്‍കോട് എത്തിച്ചതാരാണെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു സന്ദീപിന്റെ വിമര്‍ശനം.

‘പാകിസ്താന്‍ ചാരയായ ജ്യോതി മല്‍ഹോത്ര കേരള ടൂറിസം വകുപ്പിന്റെ ക്ഷണം അനുസരിച്ച് വരുന്നത് 2024 ജനുവരിക്ക് ശേഷം മാത്രം. എന്നാല്‍ വി മുരളീധരന്റെ വന്ദേഭാരത് ഉദ്ഘാടന മഹാമഹ റിപ്പോര്‍ട്ടിങ്ങിന് വേണ്ടി ആയമ്മ 2023 സെപ്റ്റംബറില്‍ തന്നെ കേരളത്തിലെത്തിയിട്ടുണ്ട്. മറുപടി പറയേണ്ടത് വി മുരളീധരനാണ്. ഡല്‍ഹിയില്‍ നിന്ന് ജ്യോതി മല്‍ഹോത്രയെ കേരളത്തിലെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന് വേണ്ടി മാത്രം വിമാനത്താവളം പോലുമില്ലാത്ത കാസര്‍കോട് എത്തിച്ചതാരാണ്?’ അദ്ദേഹം പറഞ്ഞു.